ബാഴ്സക്കെതിരെ കേസ് നൽകി സെർജിയോ അഗ്വേറോ!
ദീർഘകാലം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള അർജന്റൈൻ സൂപ്പർ താരമാണ് സെർജിയോ അഗ്വേറോ.2011 മുതൽ 2021 വരെയാണ് അദ്ദേഹം സിറ്റിയിൽ തുടർന്നത്. പിന്നീട് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.എന്നാൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രം കളിച്ച അദ്ദേഹത്തിന് ബാഴ്സയിൽ തന്നെ വിരമിക്കേണ്ടിവന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമായിരുന്നു അഗ്വേറോക്ക് ഫുട്ബോൾ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്.
2021ൽ തന്നെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.ബാഴ്സലോണയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുകയായിരുന്നു.എന്നാൽ കരാർ പ്രകാരം കോൺട്രാക്ട് റദ്ദാക്കുന്ന സമയത്ത് ഒരു നഷ്ടപരിഹാരം താരത്തിന് ലഭിക്കേണ്ടതുണ്ട്.ഏകദേശം മൂന്നു മില്യൺ യൂറോളമാണ് ബാഴ്സയിൽ നിന്നും കോമ്പൻസേഷൻ അഗ്വേറോക്ക് ലഭിക്കാനുള്ളത്.അത് ബാഴ്സലോണ നൽകിയിട്ടില്ല.ഇതോടെ അഗ്വേറോ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ബാഴ്സക്കെതിരെ സോഷ്യൽ കോർട്ടിൽ ഇദ്ദേഹം കേസ് നൽകുകയാണ് ചെയ്തിട്ടുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താൻ വേണ്ടിയുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു. കൃത്യമായി പറഞ്ഞാൽ ഈ വർഷം ജൂൺ 21 തീയതിയായിരുന്നു ബാഴ്സയും താരത്തിന്റെ പ്രതിനിധികളും തമ്മിൽ ഒരു ചർച്ച നടന്നിരുന്നത്.എന്നാൽ അന്ന് ഒത്തുതീർപ്പിൽ എത്താൻ സാധിക്കാതെ പോവുകയായിരുന്നു.
ഏതായാലും ഈ കേസിൽ എന്ത് പുരോഗതി ഉണ്ടാകും എന്നുള്ളതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.നിലവിൽ മറ്റു പല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അഗ്വേറോ.സോഷ്യൽ മീഡിയയിൽ സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം സജീവമാണ്. സമീപകാലത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന ബാഴ്സ ഇപ്പോൾ പതിയെ അതിൽ നിന്നും കരകയറി വന്നിട്ടുണ്ട്.