ഫിറ്റ്നസ് വീണ്ടെടുത്തു, തിരിച്ചുവരവിനൊരുങ്ങി ഹസാർഡ്
റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർസ് ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചുവരവിനൊരുങ്ങുന്നു. പരിക്കിന്റെ പിടിയിലായിരുന്ന താരം ഇപ്പോൾ പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ദ്രുതഗതിയിലാണ് താരം പരിക്കിൽ നിന്നും മോചിതനാവുന്നതെന്നും ലാലിഗ പുനരാരംഭിക്കുന്ന സമയത്ത് താരത്തിന് റയലിന് വേണ്ടി കളത്തിലിറങ്ങാൻ കഴിഞ്ഞേക്കുമെന്നും അപ്പോഴേക്കും താരം പൂർണ്ണഫിറ്റ്നസ് വീണ്ടെടുക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് അഞ്ചിനായിരുന്നു താരത്തിന്റെ റൈറ്റ് ആംഗിളിൽ ശസ്ത്രക്രിയ കഴിഞ്ഞത്. അതിന് ശേഷം താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിനപരിശ്രമത്തിലായിരുന്നു.
താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കണ്ട എന്ന നിലപാടുകാരനാണ് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. എന്നാൽ ഡോക്ടർമാരുടെ അഭിപ്രായത്തിൽ താരം വളരെ വേഗത്തിൽ തന്നെ പരിക്കിൽ നിന്ന് മുക്തി നേടുന്നുണ്ട്. കുറച്ചു ദിവസം മുൻപ് ഹസാർഡ് ജോഗിങ് ആരംഭിച്ചെന്നും അതിന് ശേഷം ബോൾ കൊണ്ടുള്ള പരിശീലനം ഹസാർഡ് നടത്തിയെന്നും ഡോക്ടർമാരെ ഉദ്ധരിച്ചു കൊണ്ട് എഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ താരം മാഡ്രിഡിലെ തന്റെ വീട്ടിലാണ് ഉള്ളത്.അതേ സമയം യുറോ കപ്പ് നീട്ടിവെച്ചത് താരത്തിന്റെ അന്താരാഷ്ട്രടീം ആയ ബെൽജിയത്തിന് ഏറെ ആശ്വാസകരമാണ്. താരത്തെ പൂർണ്ണഫിറ്റ്നസോടെ യുറോ കപ്പിന് അടുത്ത വർഷം ലഭിക്കുമെന്ന ആശ്വാസത്തിലാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്.