ഫാറ്റിയുടെ കരാർ പുതുക്കുന്നതിനെ കുറിച്ച് ആലോചിച്ച് ബാഴ്സലോണ !

കിരീടവരൾച്ച നേരിട്ട ഈ സീസണിലും ബാഴ്സക്ക് ആശ്വാസമായത് രണ്ട് യുവതാരങ്ങളുടെ കണ്ടെത്തലും അവരുടെ പ്രകടനവുമായിരുന്നു.മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റിക്കി പ്യുഗും മുന്നേറ്റനിരയിൽ തിളങ്ങിയ അൻസു ഫാറ്റിയുമായിരുന്നു ബാഴ്സക്ക് ആശ്വാസം നൽകിയ താരങ്ങൾ. ഇതിൽ തന്നെ ഫാറ്റി ഒരുപിടി റെക്കോർഡുകൾ കൈവരിച്ചിരുന്നു. ലാലിഗയിൽ ഓഗസ്റ്റിൽ ഒസാസുനക്കെതിരെ ഗോൾ നേടിയ താരം പിന്നീട് ചാമ്പ്യൻസ് ലീഗിലും ഗോൾ കണ്ടെത്തിയിരുന്നു. ഈ സീസണിൽ ആകെ എട്ട് ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ നാപോളിയെ നേരിടാൻ താരത്തെ ആദ്യഇലവനിൽ പരിഗണിക്കണമെന്ന ആവിശ്യവും ശക്തമാണ്. ഇപ്പോഴിതാ താരത്തിന്റെ കരാർ നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബാഴ്സ. സ്പാനിഷ് റേഡിയോ ആയ ആർഎസി വൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

താരം അവസാനമായി കരാർ പുതുക്കിയത് ഡിസംബറിൽ ആയിരുന്നു. അത് പ്രകാരം 2022 ജൂൺ വരെ താരം ക്ലബിൽ തുടരും. അന്ന് താരത്തിന്റെ സാലറി വർധിപ്പിക്കുകയും റിലീസ് ക്ലോസ് കൂട്ടുകയും ചെയ്തിരുന്നു. 100 മില്യൺ യുറോ റിലീസ് ക്ലോസ് എന്നുള്ളത് 170 മില്യൺ യുറോ റീലിസ് ക്ലോസ് ആക്കി മാറ്റിയിരുന്നു. എന്നാൽ താരത്തിന് വേണ്ടി മറ്റുള്ള ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതാണ് ബാഴ്സ ഒരു തവണ കൂടി പുതുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ താരത്തിന്റെ ലഭ്യതയെ പറ്റി അറിയാൻ ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ ബാഴ്സ നിരസിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു ലോങ്ങ്‌ ടെം കരാറാണ് ബാഴ്സ ഉദ്ദേശിക്കുന്നത്. താരത്തെ മറ്റുള്ള ക്ലബുകൾക്ക് വിട്ടു കൊടുക്കാൻ താല്പര്യമില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *