പ്യാനിക്കിന് വേണ്ടി ബാഴ്‌സ വിടാൻ ആർതർ സമ്മതം മൂളുന്നു?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാൻസ്ഫർ ലോകത്ത് അതിശക്തമായി നിലകൊള്ളുന്ന വാർത്തകളിലൊന്നാണ് യുവന്റസിന്റെ ബോസ്‌നിയൻ മിഡ്ഫീൽഡർ മിറാലെം പ്യാനിക്ക് ക്ലബ്‌ വിട്ട് ബാഴ്‌സയിലേക്ക് വരുന്നു എന്നുള്ളത്. താരത്തെ സ്വന്തമാക്കാൻ ബാഴ്സയും ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ഒന്നും ഫലം കാണാതെ പോവുകയാണ്. പ്യാനിക്കിനെ സ്വാപ് ഡീലിലൂടെ ക്ലബിൽ എത്തിക്കാനാണ് ബാഴ്സ അടവുകൾ പയറ്റി നോക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി ഞെരുക്കമനുഭവിക്കുന്ന ടീമുകളിൽ ഒന്നാണ് ബാഴ്സ. അത്കൊണ്ട് തന്നെ വലിയൊരു തുക നൽകി താരത്തെ സ്വന്തമാക്കാൻ ബാഴ്സ ഒരുക്കമല്ല. മറിച്ച് ടീമിലെ ഏതെങ്കിലും താരങ്ങളെ കൈമാറി പ്യാനിക്കിനെ ക്യാമ്പ് നൗവിൽ എത്തിക്കാനാണ് ബാഴ്സ ആഗ്രഹിക്കുന്നത്.

പക്ഷെ ആരെ കൈമാറും എന്നാണ് ബാഴ്‌സയെ ഇപ്പോൾ അലട്ടുന്ന പ്രധാനപ്രശ്നം. ഇവാൻ റാക്കിറ്റിച്, ആർതുറോ വിദാൽ, സാമുവൽ ഉംറ്റിറ്റി എന്നിവരൊയൊക്കെ ബാഴ്സ കൈമാറാൻ ഒരുക്കമാണ്. പക്ഷെ ഇവരെയെല്ലാം ലൗറ്ററോ മാർട്ടിനെസിന്റെ ഡീലിലേക്കാണ് ഉൾപ്പെടുത്താൻ ബാഴ്സ ആഗ്രഹിക്കുന്നത്. പ്യാനിക്കിന്റെ ഡീലിലേക്ക് തുടക്കത്തിൽ ഉയർന്നുകേട്ട പേരുകളിലൊന്നാണ് ബ്രസീലിയൻ താരം ആർതർ. താരത്തെ ബാഴ്‌സ കൈമാറുമെന്ന് ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ തനിക്ക് ബാഴ്സയിൽ തുടരണമെന്ന് താരം അറിയിച്ചതോടെ താൽക്കാലിമായി ആ വാർത്തകൾക്ക് വിരാമമായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്യാനിക്കിന് വേണ്ടി വഴിമാറാൻ ആർതർ സമ്മതിച്ചതായാണ് അറിയുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബാഴ്സ വിട്ട് യുവന്റസിലേക്ക് പോവാൻ ആർതർ തയ്യാറായതായാണ് ഇവർ പറയുന്നത്. ഇരുപത്തിമൂന്നുകാരനായ താരത്തെ ക്ലബിൽ എത്തിക്കാൻ മൗറിസിയോ സരി ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ലാലിഗയിൽ പതിനാറ് മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളും മൂന്നു അസിസ്റ്റും നേടിയിരുന്നു. എന്നാൽ പ്രമുഖസ്പാനിഷ് മാധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത പുറത്തുവിടാത്തത് കൊണ്ട് താരം ക്ലബ് വിടില്ല എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മാത്രമല്ല മുപ്പതുകാരനായ താരത്തിന് വേണ്ടി ഇരുപത്തിമൂന്നുകാരനായ താരത്തെ കൈമാറുന്നത് അബദ്ധമാവുമെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *