പരിശീലകനുമായി ചർച്ച നടത്തി, റയൽ മാഡ്രിഡ് സൂപ്പർ താരം അൽ നസ്റിലേക്കോ?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ. റൊണാൾഡോയെ എത്തിച്ചതോടുകൂടി കൂടുതൽ താരങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്. സൂപ്പർ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ അൽ നസ്സ്ർ നടത്തുന്നുണ്ട്. അതിലൊരു താരമാണ് റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർതാരമായ ഈഡൻ ഹസാർഡ്.

നിലവിൽ അൽ നസ്റിന്റെ പരിശീലകനായ റൂഡി ഗാർഷ്യ മുമ്പ് ഫ്രഞ്ച് ക്ലബ്ബായ ലില്ലിയെ പരിശീലിപ്പിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന് കീഴിൽ ഈഡൻ ഹസാർഡ് കളിക്കുകയും ചെയ്തിരുന്നു.ഹസാർഡിനെ അൽ നസ്റിലേക്ക് എത്തിക്കാൻ ഇപ്പോൾ ഈ പരിശീലകന് താൽപര്യമുണ്ട്.ഹസാർഡും ആ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതായത് നിലവിൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾക്ക് വേണ്ടി സൗദി അറേബ്യയിലാണ് ഉള്ളത്.അൽ നസ്റിന്റെ ട്രെയിനിങ് മൈതാനമാണ് ഇവർ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഈഡൻ ഹസാർഡ് റൂഡി ഗാർഷ്യയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റൊ ടിവി പുറത്ത് വിട്ടിട്ടുമുണ്ട്.അൽ നസ്റിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി എന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്.

2019-ലായിരുന്നു ഹസാർഡ് ഭീമമായ തുകക്ക് ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയത്. എന്നാൽ റയലിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.ഇപ്പോൾ ടീമിൽ താരത്തിന് അവസരങ്ങൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഹസാർഡ് അൽ നസ്റിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല. വേൾഡ് കപ്പ് അവസാനിച്ചതിന് പിന്നാലെ ബെൽജിയം ദേശീയ ടീമിൽ നിന്നും ഹസാർഡ് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *