പതിനൊന്നാം സ്ഥാനക്കാരോട് സ്വന്തം മൈതാനത്ത് തോൽവി, നാണംകെട്ട് ബാഴ്സ
പല ക്ലബുകൾക്കും ബാഴ്സയുടെ മൈതാനമായ ക്യാമ്പ്നൗ ഒരു പേടിസ്വപ്നമായിരുന്നു. ബാഴ്സയെ അവരുടെ തട്ടകത്തിൽ തളക്കുക എന്നുള്ളത് ശ്രമകരമായ ഒരു ജോലിയായിരുന്നു. എന്നാൽ അതേ ക്യാമ്പ് നൗവിലാണ് ബാഴ്സയിന്നലെ പതിനൊന്നാം സ്ഥാനക്കാരോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. അവസാനത്തെ ഇരുപതോളം മിനുട്ടുകൾ കേവലം പത്ത് പേരുമായി മാത്രം പൊരുതിയ ഒസാസുനയാണ് ബാഴ്സയെ സ്വന്തം മൈതാനത്ത് വെട്ടിക്കൂട്ടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒസാസുന വിജയക്കൊടി പാറിച്ചത്. മറുഭാഗത്ത് വിയ്യാറയലിനെ തകർത്ത റയൽ മാഡ്രിഡ് കിരീടം ചൂടുകയും ചെയ്തു. വീണ്ടും പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ റയൽ മാഡ്രിഡിന് ഏഴ് പോയിന്റിന്റെ ലീഡായി. 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് റയലിന്റെ സമ്പാദ്യം. അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. ലീഗിൽ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.
FULL TIME pic.twitter.com/hfXD0kIO7z
— FC Barcelona (@FCBarcelona) July 16, 2020
ലയണൽ മെസ്സി, അൻസു ഫാറ്റി, ബ്രാത്വെയിറ്റ് എന്നിവർക്കായിരുന്നു ആക്രമണചുമതല. എന്നാൽ ആക്രമണം നടത്തിയ ഒസാസുനയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ അവർ ഗോളും കണ്ടെത്തി. പെർവിസിന്റെ പാസിൽ നിന്നും ജോസെ അർനയിസാണ് ഗോൾ നേടിയത്. ഈ ഗോളിന് മറുപടി നൽകാൻ ലയണൽ മെസ്സി തന്നെ വേണ്ടി വന്നു. 62-ആം മിനിറ്റിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ മെസ്സി സമനില നേടികൊടുക്കുകയായിരുന്നു. 72-ആം മിനിറ്റിൽ എൻറിക് ഗല്ലെഗോ റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവുമെന്ന് പലരും വിചാരിച്ചു. എന്നാൽ നേരെ വിപരീതമാണ് സംഭവിച്ചത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റോബർട്ടോ ടോറസ് ഗോൾ നേടിയതോടെ ബാഴ്സ നാണംകെടുകയായിരുന്നു. ഈ ലീഗിലെ ബാഴ്സയുടെ ആറാം തോൽവിയായിരുന്നു ഇത്.
🗞 LA CRÓNICA | Victoria de matrícula de honor (1-2).#BarçaOsasuna
— C. A. OSASUNA (@CAOsasuna) July 16, 2020
▶️ https://t.co/YffHi6YojA pic.twitter.com/P4Ka3ls5zn