പതിനേഴ് വർഷത്തിന് ശേഷം ഇതാദ്യം, ഇത്തവണ നടക്കാൻ പോവുന്നത് അത്യപൂർവമായ എൽ ക്ലാസിക്കോ !

ക്ലബ് ഫുട്ബോൾ ലോകത്തെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് എൽ ക്ലാസിക്കോ എന്ന കാര്യത്തിൽ ഫുട്ബോൾ പ്രേമികൾക്ക് സംശയമുണ്ടാവില്ല. റയൽ മാഡ്രിഡ്‌ സൂപ്പർ താരമായിരുന്ന റൊണാൾഡോ ക്ലബ് വിട്ടതോടെ ആവേശത്തിന് ഒരല്പം കുറവ് വന്നിട്ടുണ്ടെങ്കിലും എൽ ക്ലാസിക്കോയുടെ പ്രൌഡ്ഢിക്ക് ഒരു കുറവും വന്നിട്ടില്ല. ഈ സീസനിലെ ആദ്യത്തെ എൽ ക്ലാസിക്കോക്ക് അരങ്ങൊരുങ്ങുകയാണ്. ഈ വരുന്ന ഒക്ടോബർ ഇരുപത്തിനാലാം തിയ്യതി ശനിയാഴ്ച്ചയാണ് എൽ ക്ലാസിക്കോ നടക്കുക. ഇന്ത്യൻ സമയം 7:30 ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിനൊരു പ്രത്യേകതയുണ്ട്. പതിനേഴു വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു എൽ ക്ലാസിക്കോ നടക്കുന്നത്. ഇരു ടീമുകളും തോറ്റ ശേഷം എൽ ക്ലാസിക്കോക്ക് വരുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സംഭവിക്കുന്നത്. ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ റയലും ബാഴ്‌സയും അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു.

കാഡിസാണ് റയലിനെ ഒരു ഗോളിന് അട്ടിമറിച്ചതെങ്കിൽ ഗെറ്റാഫെയാണ് ഇതേ സ്കോറിന് ബാഴ്സയെ മറികടന്നത്. ഇതിന് മുമ്പ് 2003 ഏപ്രിലിൽ ആണ് ഇരുടീമുകളും തോൽവി അറിഞ്ഞതിന് ശേഷം എൽ ക്ലാസിക്കോക്ക് ബൂട്ടണിഞ്ഞത്. അന്ന് രണ്ട് ടീമുകളും 4-2 എന്ന സ്കോറിനായിരുന്നു തോൽവി അറിഞ്ഞത്. എഫ്സി ബാഴ്സലോണ ഡിപോർട്ടിവോയോട് സ്വന്തം മൈതാനത്ത് 4-2 ന് തോൽക്കുകയായിരുന്നു. റയൽ മാഡ്രിഡും റയൽ സോസിഡാഡിനോട്‌ 4-2 ന് തോൽക്കുകയായിരുന്നു. ഇപ്പോഴിതാ ഇരുടീമുകളും ഒരേ സ്കോറിന് തന്നെ തോറ്റുകൊണ്ടാണ് എൽ ക്ലാസിക്കോക്ക് ഒരുങ്ങുന്നത്. അന്ന് നടന്ന എൽ ക്ലാസിക്കോ സമനിലയിലാണ് പിരിഞ്ഞത്. സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ സ്കോർ 1-1 ആയിരുന്നു. റയലിന് വേണ്ടി ഇതിഹാസതാരം റൊണാൾഡോ ഗോൾ നേടിയപ്പോൾ ബാഴ്‌സയുടെ ഗോൾ എൻറിക്വ ആയിരുന്നു നേടിയത്. ഈ വരുന്ന എൽ ക്ലാസിക്കോയിൽ എന്താവുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *