നെയ്മറുടെ കാര്യത്തിൽ സംഭവിച്ചത് നുണകളുടെ കൂമ്പാരം, ബർതോമ്യുവിനെതിരെ തുറന്നടിച്ച് ലപോർട്ട!

മെസ്സി ബാഴ്‌സ വിട്ടതുമായി ബന്ധപ്പെട്ടു കൊണ്ട് ബാഴ്‌സയുടെ മുൻ പ്രസിഡന്റായ ബർതോമ്യു നിലവിലെ പ്രസിഡന്റായ ജോയൻ ലപോർട്ടയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ലപോർട്ട കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം വിളിച്ചു ചേർത്തത്. ബാഴ്‌സയിലെ പ്രതിസന്ധികളെ വിവരിച്ച അദ്ദേഹം മുൻ പ്രസിഡന്റ്‌ ബർതോമ്യു പറഞ്ഞ എട്ട് നുണകളെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിൽ ഒന്നായിരുന്നു നെയ്മറുടെ കാര്യത്തിൽ സംഭവിച്ച നുണ.16.7 മില്യൺ യൂറോ നെയ്മർക്ക്‌ വിടുതൽ നൽകി അഥവാ ഒഴിവാക്കി കൊടുത്തു എന്നുള്ളത് നുണയായിരുന്നു എന്നാണ് ലപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർക്ക്‌ 16.7 മില്യൺ യൂറോ ഒഴിവാക്കി എന്നുള്ളത് ബർതോമ്യു പറഞ്ഞ മറ്റൊരു നുണയാണ്.അതൊരിക്കലും സത്യമായിരുന്നില്ല.മാത്രമല്ല നെയ്മറുടെ ട്രാൻസ്‌ഫർ സാഗയിലൂടെ ബാഴ്‌സക്കുണ്ടായ കേടുപാടുകളെ കുറിച്ച് ഞാൻ അദ്ദേഹത്തെ ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.നുണകളുടെ കൂമ്പാരമായിരുന്നു അവിടെ സംഭവിച്ചിരുന്നത്.സ്വന്തം ലാഭത്തിന് വേണ്ടി ബർതോമ്യു ബാഴ്‌സയെ നാണം കെടുത്തി എന്ന് മാത്രമല്ല കോടതിയിൽ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്തു.കഴിഞ്ഞ കുറച്ചു വർഷമായി ബാഴ്‌സയുടെ സ്പോർട്ടിങ് പോളിസികൾ ദുരന്തമായിരുന്നു.പ്രത്യേകിച്ച് നെയ്മറെ 222 മില്യൺ യൂറോക്ക്‌ വിറ്റ കാര്യത്തിൽ.വളരെ വേഗത്തിൽ ഒരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ രൂപത്തിലാണ് അവർ ആ പണം ചിലവഴിച്ചത്.അത്കൊണ്ടാണ് വെയ്ജ് ബിൽ റോക്കറ്റ് പോലെ കുതിച്ചത്.സ്പോർട്ടിങ് ലോജിക്കിന് അനുസരിച്ച്, കൂടുതൽ ആനുപാതികപരമായി നമ്മൾ പണം ചിലവഴിക്കേണ്ടിയിരുന്നു ” ഇതാണ് ലപോർട്ട പറഞ്ഞിട്ടുള്ളത്.ബാഴ്‌സയുടെ തകർച്ചയുടെ ഉത്തരവാദി മുമ്പത്തെ ബോർഡാണ് എന്ന് പറഞ്ഞ ലപോർട്ട ആർക്കും തന്നെ ഉത്തരവാദിത്തതിൽ നിന്ന് ഒളിച്ചോടാനാവില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *