തെറ്റ് മനസ്സിലാക്കി,എൻഡ്രിക്ക് മാപ്പ് പറഞ്ഞു!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് എൻഡ്രിക്ക് പകരക്കാരന്റെ വേഷത്തിൽ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം അലാവസ് പ്രതിരോധ നിര താരം സാന്റിയാഗോ മൗറിനോയെ ഗുരുതരമായി ഫൗൾ ചെയ്യുകയായിരുന്നു.
മനപ്പൂർവ്വം ചവിട്ടിക്കൂട്ടി എന്ന് തന്നെ പറയേണ്ടിവരും. അദ്ദേഹത്തിന് യെല്ലോ കാർഡ് ആണ് ലഭിച്ചത്.പക്ഷേ അത് റെഡ് കാർഡ് അർഹിച്ചിരുന്നു എന്ന് മത്സരശേഷം അലാവസിന്റെ പരിശീലകൻ പറഞ്ഞിരുന്നു.എൻഡ്രിക്കിന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു എന്നത് വളരെ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് മാർക്ക ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് താൻ ചെയ്തത് തെറ്റാണ് എന്നുള്ളത് എൻഡ്രിക്ക് മനസ്സിലാക്കിയിട്ടുണ്ട്.ആ സമയത്ത് അങ്ങനെ ചെയ്തു പോയതിൽ അദ്ദേഹം മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോടും സഹതാരങ്ങളോടും അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ട്.മാത്രമല്ല ഇനി ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്നുള്ള ഉറപ്പും അദ്ദേഹം റയൽ മാഡ്രിഡിന് നൽകിയിട്ടുണ്ട് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആ സമയത്ത് എൻഡ്രിക്ക് റെഡ് കാർഡ് വഴങ്ങിയിരുന്നുവെങ്കിൽ കാര്യങ്ങൾ വഷളായേനെ. മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് റയൽ മാഡ്രിഡിനെ ആശങ്കയിലാക്കാൻ അലാവസിന് സാധിച്ചിരുന്നു. എന്നിരുന്നാലും റയൽ മാഡ്രിഡ് അവസാന വിജയം സ്വന്തമാക്കുകയായിരുന്നു.