താൻ നേരിട്ട ഏറ്റവും ബുദ്ദിമുട്ടുള്ള എതിരാളി ക്രിസ്റ്റ്യാനോയെന്ന് ഡാനി ആൽവെസ്

താൻ നേരിട്ട എതിരാളികളിൽ പ്രതിരോധിക്കാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുകയും തന്നെ ഏറ്റവും വലക്കുകയും ചെയ്ത എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് മുൻ ബാഴ്സ താരവും ബ്രസീലിയൻ സൂപ്പർ താരവുമായ ഡാനി ആൽവെസ്. കഴിഞ്ഞ ദിവസം ഹോയ് നൊ സെ സെയിലിനു നൽകിയ അഭിമുഖത്തിലാണ് ഡാനി ആൽവെസ് തന്നെ ഏറ്റവും പ്രയാസത്തിലാക്കിയ താരത്തിന്റെ പേര് വെളിപ്പെടുത്തിയത്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിക്കുന്ന കാലത്ത്, എൽ ക്ലാസിക്കോയിൽ ക്രിസ്റ്റ്യാനോയെ പൂട്ടാൻ താൻ പാട്പെട്ടിരുന്നു എന്നാണ് ഡാനി ആൽവെസിന്റെ വെളിപ്പെടുത്തൽ. താരത്തെ ശ്രദ്ധിക്കുന്നതിലോ പ്രതിരോധിക്കുന്നതിലോ ഒരല്പം പിഴവ് സംഭവിച്ചാൽ താരം അത് മുതലെടുക്കുമെന്നും ഡാനി ആൽവെസ് കൂട്ടിച്ചേർത്തു. അതേ സമയം പെപ്പിന് കീഴിൽ കളിക്കുന്ന കാലത്ത് അദ്ദേഹത്തെ ഞാൻ സഹിക്കുന്നതിലേറെ അദ്ദേഹം എന്നെ സഹിച്ചിരുന്നുവെന്നും ഡാനി ആൽവസ് തമാശരൂപേണ പറഞ്ഞു.നിലവിൽ ബ്രസീലിയൻ ലീഗിലാണ് ഡാനി പന്തുതട്ടുന്നത്.

” ശരിക്കും നല്ല രീതിയിൽ എനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്തെന്നാൽ ഞാൻ എപ്പോഴും അദ്ദേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പക്ഷെ ഒരു സംശയവുമില്ലാതെ എനിക്ക് ഒരു കാര്യം ഉറപ്പ് പറയാനാവും, എന്തെന്നാൽ ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും ബുദ്ദിമുട്ടേറിയ എതിരാളി അത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. എതിരാളികൾ നൂറ് ശതമാനവും ശ്രദ്ധ പുലർത്തേണ്ട ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്തെന്നാൽ, നിങ്ങൾ 99 ശതമാനമാണ് ശ്രദ്ധ പുലർത്തുന്നതെങ്കിൽ ആ ഒരു ശതമാനം മുതലെടുത്ത് അദ്ദേഹം നിങ്ങളുടെ പ്രതിരോധത്തെ നശിപ്പിച്ചു കളയും. അതുവഴി നിങ്ങളെ നിസാരരാക്കി കളയുകയും ചെയ്യും ” ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഡാനി ആൽവസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *