താരങ്ങളുടെ വില നോക്കിയല്ല ടീം നിശ്ചയിക്കുക, ഗ്രീസ്‌മാൻ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി സെറ്റിയൻ

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന പോരാട്ടത്തിൽ സെൽറ്റ വിഗോയോട് 2-2എന്ന സ്കോറിന് സമനില വഴങ്ങാനായിരുന്നു ബാഴ്സയുടെ വിധി. മത്സരശേഷം ഒരുപാട് വിമർശനങ്ങൾ ബാഴ്സക്കെതിരെ ഉയർന്നു വന്നിരുന്നു. പ്രത്യേകിച്ച് പരിശീലകൻ കീക്കെ സെറ്റിയൻ ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു അദ്ദേഹം ഗ്രീസ്‌മാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നുള്ളത്. ഗ്രീസ്‌മാനെ പോലെയുള്ള സൂപ്പർ താരങ്ങളെ ബെഞ്ചിൽ ഇരുത്താനുള്ളല്ല എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു വിഷയത്തോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് സെറ്റിയൻ. താരങ്ങളുടെ വില നോക്കിയല്ല ആദ്യ ഇലവൻ നിശ്ചയിക്കുക എന്നാണ് സെറ്റിയൻ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. താരങ്ങളുടെ വില താനൊരിക്കലും പരിഗണിക്കുന്നില്ലെന്നും മറിച്ച് സാങ്കേതികപരമായ കാര്യങ്ങളാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരണം അറിയിച്ചത്.

” താരങ്ങളുടെ വില നോക്കിയല്ല ഞാൻ ടീം നിശ്ചയിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഞങ്ങൾ കൃത്യമായ ഒരു ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് ഞങ്ങൾ അത് മാറ്റി. കഴിഞ്ഞ ആഴ്ച്ച ഞാൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ എല്ലാരും എന്നോട് ചോദിച്ചത് എന്ത് കൊണ്ട് ഫാറ്റി കളിക്കുന്നില്ല? എന്ത് കൊണ്ട് റിക്കി പ്യൂഗ് കളിക്കുന്നില്ല എന്നാണ്. എന്നാൽ ഈ ആഴ്ച്ചത്തെ ടീം നോക്കി അവർ എന്നോട് ചോദിക്കുന്നത് എന്ത്കൊണ്ട് ഗ്രീസ്‌മാൻ കളിക്കുന്നില്ല എന്നാണ്. ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സാങ്കേതികപരമായ കാര്യങ്ങൾ നോക്കിയാണ്. അല്ലാതെ ഇതൊന്നും തിടുക്കത്തിൽ എടുക്കുന്ന ഒന്നല്ല. എല്ലാ മാറ്റങ്ങളും ടീമിന്റെ നല്ലതിന് വേണ്ടിയാണെന്നോർക്കണം ” സെറ്റിയൻ പറഞ്ഞു. 120 മില്യൺ യുറോക്ക് അത്ലറ്റികോ മാഡ്രിഡിൽ നിന്നായിരുന്നു ഗ്രീസ്‌മാൻ ബാഴ്‌സയിൽ എത്തിയത്. ഈ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് സ്ട്രൈക്കെർക്ക് നേടാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *