ചാമ്പ്യൻസ് ലീഗിനുള്ള മുന്നൊരുക്കം, താരങ്ങൾക്ക് വിശ്രമം അനുവദിച്ച് സെറ്റിയൻ
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിന് മുന്നോടിയായി ബാഴ്സലോണ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് പരിശീലകൻ കീക്കെ സെറ്റിയൻ. ഇന്ന് മുതൽ ഒരാഴ്ചത്തേക്കാണ് ബാഴ്സ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ലാലിഗയിലെ തുടർച്ചയായ ഷെഡ്യൂളുകൾ പല താരങ്ങൾക്കും അസ്വസ്ഥത സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു സെറ്റിയൻ ഒരാഴ്ച്ചത്തേക്ക് വിശ്രമം നൽകിയത്. അടുത്ത ചൊവ്വാഴ്ച്ച താരങ്ങൾ തിരികെ പരിശീലനത്തിലേക്ക് പ്രവേശിക്കും. ഓരോ മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വരുന്ന മത്സരങ്ങൾ താരങ്ങളുടെ ഫിറ്റ്നസിനെ ബാധിക്കുന്നുവെന്ന് സെറ്റിയൻ മുൻപേ ആരോപിച്ചിരുന്നു. സുവാരസ്, ഗ്രീസ്‌മാൻ എന്നിവർക്കൊക്കെ വിശ്രമം അനുവദിച്ചിരുന്നുവെങ്കിലും മെസ്സിക്ക് ലഭിച്ചിരുന്നില്ല. അതിനുള്ള സാഹചര്യം ഒത്തുവന്നില്ല എന്നായിരുന്നു കാരണമായി സെറ്റിയാൻ പറഞ്ഞത്.

ഇതിനാൽ തന്നെ ഈ വിശ്രമം മെസ്സിക്ക് ഏറെ സഹായകരമാവും. ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീക്വാർട്ടറിൽ നാപോളിയെയാണ് ബാഴ്സ നേരിടുന്നത്. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ഓഗസ്റ്റ് എട്ടിനാണ് മത്സരം. ആദ്യപാദത്തിൽ 1-1 എന്ന സ്കോറിന് ബാഴ്‌സ സമനില വഴങ്ങിയിരുന്നു. ലാലിഗ നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി ചാമ്പ്യൻസ് ലീഗ് ആണ് ബാഴ്സയുടെ ലക്ഷ്യം. താരങ്ങൾ തങ്ങളുടെ പൂർണ്ണമായ പ്രകടനങ്ങൾ പുറത്തെടുത്താൽ ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന് സെറ്റിയൻ പ്രസ്താവിച്ചിരുന്നു. അവസാന ലാലിഗ മത്സരത്തിൽ അഞ്ച് ഗോളിന്റെ തകർപ്പൻ ജയം നേടിയത് ബാഴ്സക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.
