കൊറോണ: സ്പെയിനിന് കൈത്താങ്ങാവാൻ റയൽ മാഡ്രിഡ് താരങ്ങൾ
കൊറോണ വൈറസ് പിടിച്ചുകുലുക്കിയ സ്പെയിനിന് കൈത്താങ്ങാവാൻ റയൽ മാഡ്രിഡ് താരങ്ങൾ ഒരുങ്ങുന്നു. ഓരോ താരങ്ങളും വലിയ രീതിയിൽ തന്നെ സാമ്പത്തികസഹായം നൽകാനാണ് ആലോചിക്കുന്നത്. ഇക്കാര്യം എല്ലാ ടീമംഗങ്ങളും ഓൺലൈൻ വഴി ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമൂഹത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഉപകാരപ്രദമാവുന്ന രീതിയിൽ വലിയ തോതിൽ തന്നെ സഹായങ്ങൾ എത്തിക്കാനാണ് റയൽ താരങ്ങൾ കൂടിയാലോചിക്കുന്നതെന്ന് മാർക്ക റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ റയൽ താരങ്ങൾ എല്ലാവരും തന്നെ ക്വാറന്റൈനിൽ ആണ്. റയൽ മാഡ്രിഡ് ബാസ്കറ്റ് ബോൾ താരം ട്രെ തോംപ്കിൻസിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ താരങ്ങളും സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. ഏതായാലും വരുംദിവസങ്ങളിൽ ഈ സഹായങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നേക്കും.