ഒൻപതിനായിരത്തിന്റെ തിളക്കത്തിൽ ബാഴ്സലോണ, ഒന്നാമൻ മെസ്സി

കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ മത്സരത്തിൽ ബാഴ്സയുടെ അവസാനഗോൾ പിറന്നത് അൻസു ഫാറ്റിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ആ ഗോൾ ഇടം നേടിയത് എഫ്സി ബാഴ്സലോണയുടെ ചരിത്രതാളുകളിലാണ്. ക്ലബിന്റെ ചരിത്രത്തിലെ ഒൻപതിനായിരാമത്തെ ഗോളിനുടമ എന്ന ഭാഗ്യം അൻസു ഫാറ്റിക്കാണ് ലഭിച്ചത്. ബാഴ്സലോണ ക്ലബിന്റെ ആദ്യഗോൾ പിറന്നത് 1909 ഏപ്രിൽ അഞ്ചിന് നടന്ന മത്സരത്തിലായിരുന്നു. അന്നത്തെ ബാഴ്സയുടെ താരമായിരുന്ന റോമ ഫോറൻസ് എന്ന താരം നേടിയ ഗോളാണ് ബാഴ്‌സയുടെ ഔദ്യോഗികമായ കന്നിഗോളായി കണക്കാക്കുന്നത്. പിന്നീട് 111 വർഷംങ്ങൾക്കിടയിൽ ബാഴ്സ എതിരാളികളുടെ വലയിലെത്തിച്ചത് ഒൻപതിനായിരം ഗോളുകളാണ്. ഈ ഒൻപതിനായിരം ഗോളുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസ്സി തന്നെയാണ്. 630 തവണയാണ് താരം ബാഴ്സക്ക് വേണ്ടി നിറയൊഴിച്ചിട്ടുള്ളത്.

ബാഴ്സ നേടിയ ആകെ ഗോളുകളുടെ ഏഴ് ശതമാനവും നേടിയത് ലയണൽ മെസ്സി എന്ന ഒരൊറ്റ താരമാണ് എന്നോർക്കണം. ബാഴ്‌സക്ക് വേണ്ടി കളിച്ച പതിനഞ്ച് വർഷത്തിനിടെയാണ് മെസ്സി ഇത്രയും ഗോളുകൾ ബാഴ്‌സക്ക് നൽകിയത്. രണ്ടാം സ്ഥാനത്തുള്ളത് സെസാർ ആണ് 232 ഗോളുകൾ ആണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ലൂയി സുവാരസും കുബാലയുമാണ്. ഇരുവർക്കും 194 ഗോളുകൾ വീതമാണ് ഉള്ളത്. 2011/12 സീസണിലാണ് ബാഴ്സ ഏറ്റവും കൂടുതൽ ഗോളുകൾ കണ്ടെത്തിയ സീസൺ. ആ സീസണിൽ 190 ഗോളുകളാണ് ബാഴ്സ നേടിയത്. അതേ സമയം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് 2015-ലായിരുന്നു. 180 ഗോളുകൾ ആണ് ആ വർഷം ബാഴ്സ അടിച്ചു കൂട്ടിയത്. ലാലിഗയിൽ 6167 ഗോളുകൾ, കോപ്പ ഡെൽ റെയിൽ 1474, ചാമ്പ്യൻസ് ലീഗിൽ 543 എന്നീ കോംപിറ്റീഷനുകളിലാണ് ബാഴ്‌സ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *