എന്താണ് സംഭവിച്ചത്? പരിശീലനത്തിന് മുൻപ് ബാഴ്സ താരങ്ങളോട് സംസാരിച്ച് ആർതർ

തന്റെ ഭാവിപരിപാടികളിൽ ബാഴ്സ സഹതാരങ്ങളോട് വ്യക്തത വരുത്തി മധ്യനിര താരം ആർതർ. ഇന്ന് രാവിലെ നടന്ന പരിശീലനവേളക്ക് മുന്നോടിയായാണ് ആർതർ ബാഴ്സയിലെ തന്റെ സഹതാരങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകളെ പറ്റി ആധികാരികമായി വിശദീകരണം നൽകാൻ ആർതറിന് കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് താരം സംസാരിക്കുന്ന വീഡിയോ അടക്കം പുറത്ത് വിട്ടത്. താൻ യുവന്റസുമായി കരാറിൽ എത്തിയ കാര്യം ആർതർ അറിയിച്ചു. കൂടാതെ ഈ സീസൺ അവസാനം വരെ ബാഴ്സക്കൊപ്പമുണ്ടാവുമെന്ന കാര്യത്തിലും താരം സഹതാരങ്ങൾക്ക് ഉറപ്പ് നൽകി.

ശനിയാഴ്ച്ച നടന്ന സെൽറ്റ വിഗോ-ബാഴ്‌സ മത്സരത്തിന് ശേഷം ആർതർ ട്യൂറിനിലേക്ക് തിരിച്ചിരുന്നു. താരത്തിന്റെ പിതാവ്, വക്കീൽ, സഹോദരൻ എന്നിവർക്കൊപ്പമായിരുന്നു ബ്രസീലിയൻ താരം ട്യൂറിനിൽ എത്തിയത്. തുടർന്ന് മെഡിക്കലിന് വിധേയമാവുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് യുവന്റസുമായി താരം ഔദ്യോഗികകരാറിൽ എത്തുകയും ചെയ്തു. തുടക്കത്തിൽ പ്രതിഷേധമെന്നോണം ബാഴ്‌സക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും ബാഴ്സയുടെ നിർബന്ധത്തിന് വഴങ്ങി തിരിച്ചു പറക്കുകയായിരുന്നു. ഇന്നലെ തന്നെ ബാഴ്‌സയിൽ തിരിച്ചെത്തിയ താരം ഇന്ന് പരിശീലനവേളയിൽ സഹതാരങ്ങളോട് സംസാരിക്കുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡിനെതിരായ സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *