എനിക്ക് റയൽ മാഡ്രിഡിനോട് ആരാധനയാണ്, കാരണസഹിതമുള്ള വിശദീകരണവുമായി സിമിയോണി!

വരുന്ന ശനിയാഴ്ച ലാലിഗയിൽ ആരാധകരെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ പോരാട്ടമാണ്. ഈ സീസണിലെ ആദ്യ മാഡ്രിഡ്‌ ഡെർബിക്കാണ് ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഒരൊറ്റ മത്സരം പോലും ലീഗിൽ തോൽക്കാതെ വരുന്ന സിമിയോണിയുടെ സംഘവും കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയതിന്റെ ആശ്വാസത്തിൽ വരുന്ന സിദാന്റെ സംഘവും വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായി റയൽ മാഡ്രിഡിനെ പ്രശംസിച്ചിരിക്കുകയാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ ഡിയഗോ സിമിയോണി. റയൽ മാഡ്രിഡിനോട്‌ തനിക്ക് ആരാധനയാണെന്നും എന്തെന്നാൽ അവർ എല്ലാ വർഷവും മുൻപന്തിയിൽ ഉണ്ടാവുമെന്ന ടീം ആണെന്നും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നുമാണ് ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിനെതിരെയുള്ള മത്സരത്തിൽ വിജയം കൊയ്യാൻ അത്‌ലെറ്റിക്കോക്ക്‌ സാധിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിമിയോണി.

” ഞാനൊരിക്കലും ലാലിഗയുടെ അവസാനത്തെ കുറിച്ചോ കിരീടപോരാട്ടത്തെ കുറിച്ചോ ചിന്തിക്കുന്നില്ല. എന്തെന്നാൽ ഇനിയും ഒരുപാട് മത്സരങ്ങൾ കഴിഞ്ഞു പോവാനുണ്ട്. റയൽ മാഡ്രിഡ്‌ ഒരു അസാധാരണമായ ടീമാണ്. അവരുടെ താരങ്ങൾ മറ്റുള്ള ടീമിലെ താരങ്ങളെ പോലെയല്ലെന്ന് അവർക്ക് തന്നെയറിയാം. ഏത് സമ്മർദ്ദഘട്ടത്തിലുള്ള മത്സരങ്ങൾ കളിക്കുകയാണെങ്കിൽ പോലും അതിനനുസരിച്ച് കളി മാറ്റാൻ അവർക്ക് പ്രത്യേക കഴിവ് ആണ്. തുടർന്നവർ മത്സരിക്കുകയും ചെയ്യും. എനിക്ക് അവരോട് ആരാധനയാണ്. എന്തെന്നാൽ അവരുടെ താരങ്ങളും പരിശീലകരും ഓരോ വർഷവും മുൻപന്തിയിൽ തന്നെയുണ്ടാകുന്നവരാണ്. അതത്ര എളുപ്പമുള്ള കാര്യമല്ല ” സിമിയോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *