എംബപ്പേ ഇപ്പോൾ വെറുമൊരു സാധാരണ താരമായി മാറി: രൂക്ഷ വിമർശനങ്ങളുമായി റോതൻ
സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഇപ്പോൾ ലഭിക്കുന്ന വിമർശനങ്ങൾക്ക് കൈയും കണക്കുമില്ല. റയൽ മാഡ്രിഡിൽ മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വലിയ മത്സരങ്ങളിൽ ഒക്കെ തന്നെയും അദ്ദേഹം മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി എംബപ്പേ പാഴാക്കുകയും ചെയ്തിരുന്നു.ഇതോടെ വിമർശനങ്ങൾ അധികരിക്കുകയും ചെയ്തു.
മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ നിരീക്ഷകനുമായ ജെറോം റോതൻ എംബപ്പേക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ ഇപ്പോൾ വെറുമൊരു സാധാരണ താരം മാത്രമായി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിന് ശേഷം എംബപ്പേയുടെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഖത്തറിലെ വേൾഡ് കപ്പ് ഫൈനലിന് ശേഷം എംബപ്പേ പിറകോട്ടാണ് സഞ്ചരിക്കുന്നത്. അതിനുശേഷം ഒരുപാട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ടെങ്കിലും മികച്ച പ്രകടനം നടത്തി എന്ന് നമുക്ക് പറയാൻ കഴിയില്ല. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. ഇത്തരം വലിയ മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആവശ്യമാണ്. എന്നാൽ നിലവിൽ എംബപ്പേ ഒരു സാധാരണ താരം മാത്രമാണ്. ഇത് കഴിഞ്ഞ മൂന്ന് മാസത്തെ മാത്രം കാര്യമല്ല, കഴിഞ്ഞ ഒന്നരവർഷമായി ഇതുതന്നെയാണ് സ്ഥിതി.എംബപ്പേയുടെ ബലഹീനതകൾ കൃത്യമായി വിലയിരുത്താൻ നമുക്ക് കഴിയും. ഇന്ന് ഒരുപാട് കാര്യങ്ങളിൽ അദ്ദേഹത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ എംബപ്പേയെ ഉൾപ്പെടുത്താൻ ഇപ്പോൾ നമുക്ക് സാധിക്കില്ല ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.
18 മത്സരങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി കളിച്ച എംബപ്പേ 9 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. അതിൽ മൂന്നെണ്ണം പെനാൽറ്റി ഗോളുകളായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിനീഷ്യസ് ഇല്ലാത്തതുകൊണ്ട് തന്നെ ഇടത് വിങ്ങിലായിരുന്നു എംബപ്പേ കളിച്ചിരുന്നത്. തന്റെ യഥാർത്ഥ പൊസിഷനിൽ കളിച്ചിട്ടും എംബപ്പേക്ക് തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.