ഇപ്പോൾ രാജിവെച്ചാൽ ക്ലബ്ബിന്റെ ഭാവിയെ ബാധിക്കുമെന്ന് ബർതോമ്യു !

ഇപ്പോൾ രാജിവെച്ചാൽ അത് ബാഴ്സയുടെ ഭാവിയെ ബാധിക്കുമെന്നും നിലവിൽ രാജിവെക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്നും പ്രസ്ഥാവിച്ച് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ബർതോമ്യു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ബാഴ്സ ബോർഡിന്റെ ഇന്നലത്തെ യോഗത്തിന് ശേഷം പ്രസിഡന്റും ബോർഡും രാജിവെക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ തങ്ങൾക്ക് രാജിവെക്കാൻ ഒരു ഉദ്ദേശവുമില്ലെന്നും അവിശ്വാസപ്രമേയത്തെ നേരിടാൻ തന്നെയാണ് തീരുമാനമെന്നും ബർതോമ്യു അറിയിച്ചു. ഈ വരുന്ന മാർച്ചിലാണ് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അത് അന്ന് തന്നെ നടത്തുമെന്നും ബർതോമ്യു അറിയിച്ചു. അടുത്ത മാസമായിരിക്കും ബർതോമ്യുവിനെതിരെയും ബോർഡിനെതിരെയും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. അത് മറികടന്നാൽ അദ്ദേഹത്തിന് അടുത്ത വർഷം മാർച്ച്‌ വരെ പ്രസിഡന്റ്‌ സ്ഥാനത്തിരിക്കുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യാം.

” ബാഴ്സയും ഫുട്‍ബോളുമെല്ലാം അഭിമുഖീകരിക്കുന്ന സങ്കീർണമായ ഒരു സാഹചര്യമാണ് ഞാൻ വിവരിക്കാൻ ശ്രമിക്കുന്നത്. ഞങ്ങൾക്ക് ഒരുപാട് ധീരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിലൊന്നാണ് ഞങ്ങൾ പുതിയ തിരഞ്ഞെടുപ്പ് ഉടനെ വിളിച്ചു ചേർക്കാൻ ഉദ്ദേശിക്കുന്നില്ല എന്നത്. കാരണം അത് ഞങ്ങളുടെ ഉത്തവാദിത്തത്തിൽ നിന്നും ഒളിച്ചോടലാണ്. ഈയൊരു കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഓരോ ദിവസവും ഞങ്ങൾ പുതിയ പുതിയ തീരുമാനങ്ങൾ ആണ് കൈകൊള്ളുന്നത്. ബാഴ്‌സയുടെ ഏറ്റവും മികച്ചതിന് വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിനിയും തുടരേണ്ടതുണ്ട്. ഒരു അവിശ്വാസപ്രമേയം ഞങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നറിയാം. പക്ഷെ ഞങ്ങൾ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല. രാജിവെക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല എന്ന് മാത്രമല്ല അത് ക്ലബ്ബിന്റെ ഭാവിയെ ബാധിക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ പുതിയ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുക എന്നുള്ളത് ഏറ്റവും മോശമായ തീരുമാനമാവും. ഞങ്ങൾ മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയം ഞങ്ങൾ മറികടന്നാൽ മാർച്ചിൽ തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക ” ബർതോമ്യു പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *