ആരാധകർക്ക് വേണ്ടി റയൽ ലാലിഗ നേടുമെന്ന് വിനീഷ്യസ് ജൂനിയർ

കോവിഡ് പ്രതിസന്ധി അനുഭവിക്കുന്ന തങ്ങളുടെ ആരാധകർക്ക് വേണ്ടി ഈ ലാലിഗ കിരീടം നേടാൻ റയൽ മാഡ്രിഡ്‌ ശ്രമിക്കുമെന്ന് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ ദിവസം മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡിന് ഈ കിരീടം ആവശ്യമാണെന്നും അത് ആരാധകർക്ക് സമർപ്പിക്കാനുള്ളതാണെന്നും താരം പ്രസ്താവിച്ചത്. കിരീടനേട്ടം ഇത് പോലുള്ള വലിയ പ്രതിസന്ധികൾക്കുള്ള പരിഹാരമല്ല എന്നറിയാമെന്നും പക്ഷെ ആരാധകർക്കിടയിൽ സന്തോഷം പരത്താൻ കിരീടനേട്ടത്തിന് സാധിക്കുമെന്നും അതിനാൽ റയലിന് അത് ആവശ്യമാണെന്നും വിനീഷ്യസ് ജൂനിയർ കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ മത്സരങ്ങൾ എല്ലാം തന്നെ ഞാൻ ഒരുപാട് തവണ കണ്ടുനോക്കി. തീർച്ചയായും മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ് ഞങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതുവരെ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. വരും മത്സരങ്ങളിൽ ഇതിനേക്കാൾ നല്ല പ്രകടനം പുറത്തെടുക്കും. തീർച്ചയായും മത്സരങ്ങളിലേക്ക് തിരിച്ചു വരാനും വിജയം കൊയ്യാനും ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഈ കിരീടം ആരാധകർക്ക് വേണ്ടി നേടണം. ഈയൊരു സന്ദർഭത്തിൽ കിരീടനേട്ടം ആരാധകർക്ക് ഒത്തിരി സന്തോഷം നൽകാൻ കാരണമാവും ” വിനീഷ്യസ് പറഞ്ഞു.

നിലവിൽ ലാലിഗയിലെ പോയിന്റ് ടേബിളിൽ രണ്ടാമതാണ് റയൽ മാഡ്രിഡ്‌. രണ്ട് പോയിന്റ് അധികമുള്ള ബാഴ്സയാണ് ഒന്നാമത്. നിലവിൽ ഇരുപത്തിയേഴ് മത്സരങ്ങൾ ലീഗിൽ നടന്നു കഴിഞ്ഞു. ബാക്കിയുള്ള മത്സരങ്ങൾ ജൂണിൽ തന്നെ പുനരാംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ക്ലബുകൾ എല്ലാം തന്നെ ചെറിയ ചെറിയ ഗ്രൂപ്പുകളായി പരിശീലനം തുടങ്ങിയിട്ടുണ്ട്. റയലിന്റെ താരങ്ങൾ എല്ലാം തന്നെ നല്ല രീതിയിലാണ് പരിശീലനം മുന്നോട്ട് കൊണ്ടുപോവുന്നതെന്ന് വിനീഷ്യസ് കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *