ആഞ്ചലോട്ടിക്കും ചില റയൽ താരങ്ങൾക്കും എംബപ്പേയെ വേണ്ട: പെറ്റിറ്റ്
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും സ്വന്തമാക്കിയത് അവരായിരുന്നു. പിന്നീട് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ എംബപ്പേയെ റയൽ മാഡ്രിഡ് കൊണ്ടുവരികയായിരുന്നു.ഈ സീസണിൽ ഒരല്പം ബുദ്ധിമുട്ടേറിയ തുടക്കമാണ് റയലിന് ലഭിച്ചിട്ടുള്ളത്.ചില വലിയ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എംബപ്പേയും മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മുൻ ഫ്രഞ്ച് താരമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ് ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് എംബപ്പേയെ കൊണ്ടുവരാൻ പരിശീലകനായ ആഞ്ചലോട്ടിക്കും ചില റയൽ മാഡ്രിഡ് സൂപ്പർ താരങ്ങൾക്കും താല്പര്യമില്ലായിരുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഡ്രസിങ് റൂമിലെ ഈഗോകളാണ് ഇപ്പോൾ റയൽ മാഡ്രിഡിന് തിരിച്ചടിയാകുന്നതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പെറ്റിറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” കഴിഞ്ഞ സമ്മറിൽ എംബപ്പേയെ കൊണ്ടുവരാൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്കും ചില റയൽ മാഡ്രിഡ് താരങ്ങൾക്കും താല്പര്യമുണ്ടായിരുന്നില്ല.അക്കാര്യം എനിക്കുറപ്പാണ്. കാരണം ചാമ്പ്യൻസ് ലീഗും ലാലിഗയും നേടി നിൽക്കുന്ന ഒരു ടീമായിരുന്നു അവർ.എംബപ്പേയുടെ വരവാണ് അവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.ഡ്രസിങ് റൂമിലെ ഈഗോ ഒരു വലിയ പ്രശ്നമാണ്.ബാലൺഡി’ഓർ നേടാൻ ആഗ്രഹിക്കുന്ന മൂന്നു താരങ്ങളാണ് അവിടെ ഉള്ളത്. അതൊരു വലിയ പ്രോബ്ലം തന്നെയാണ് ” ഇതാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ 5 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് എംബപ്പേക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. അവസാനത്തെ ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.