ആ പെനാൽറ്റികൾ മെസ്സിക്ക് നൽകില്ല, ഞാനെടുക്കും : സ്ലാട്ടൻ !

മുപ്പത്തിയൊമ്പതാം വയസ്സിലും ഫുട്ബോൾ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുകയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ എസി മിലാനിൽ എത്തിയ സ്ലാട്ടൻ ക്ലബ്ബിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ് മിലാൻ. എന്നാൽ നിലവിൽ പരിക്ക് മൂലം സ്ലാട്ടൻ കളിക്കുന്നില്ല. സ്ലാട്ടന്റെ അഭാവത്തിൽ ഇറങ്ങിയ കഴിഞ്ഞ രണ്ട് മത്സരങ്ങളും മിലാൻ സമനിലയിൽ കുരുങ്ങിയിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ തന്റെ സ്വപ്നഇലവനെ കുറിച്ച് സ്ലാട്ടൻ സംസാരിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയടങ്ങുന്ന സ്വപ്നഇലവനെ കുറിച്ചാണ് സ്ലാട്ടൻ സംസാരിച്ചത്. ഈ ടീമിന് പെനാൽറ്റി ലഭിക്കുകയാണെങ്കിൽ താൻ അത്‌ മെസ്സിക്ക് നൽകില്ലെന്നും പകരം താൻ എടുക്കുമെന്നാണ് സ്ലാട്ടൻ അറിയിച്ചത്. യുവേഫക്ക്‌ നൽകിയ അഭിമുഖത്തിലാണ് സ്ലാട്ടൻ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

ഡ്രീം ഇലവനിൽ ആര് പെനാൽറ്റി എടുക്കുമെന്ന ചോദ്യത്തിന് മറുപടിയായി സ്ലാട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. ” നൂറ് ശതമാനം ഞാൻ തന്നെയാണ് ആ പെനാൽറ്റികൾ എടുക്കുക. എന്റെ ഡ്രീം ടീമിന്റെ ക്യാപ്റ്റൻ ഞാൻ തന്നെയാണ്. ആരാണ് പെനാൽറ്റി എടുക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കും. ആദ്യം ലഭിക്കുന്ന മൂന്ന് പെനാൽറ്റികളും ഞാൻ തന്നെയാണ് എടുക്കുക. പിന്നീട് ലഭിക്കുന്ന ഒരെണ്ണം മെസ്സിക്ക് നൽകും. അതിന് ശേഷമുള്ള മൂന്നെണ്ണം ഞാൻ എടുക്കും. അതിന് ശേഷം ഒരെണ്ണം ഞാൻ അദ്ദേഹത്തിന് വിട്ടു നൽകും. ” സ്ലാട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *