വായുവിനെ അന്വേഷിക്കുകയാണ് : ബുദ്ധിമുട്ട് വെളിപ്പെടുത്തി എമി മാർട്ടിനസ്.
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ ബൊളീവിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബൊളീവിയയിലെ ലാ പാസിൽ വെച്ചാണ് ഈ മത്സരം നടക്കുക. എതിരാളികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്റ്റേഡിയമാണ് ലാ പാസ്.
സമുദ്രനിരപ്പിൽ നിന്നും 3650 മീറ്റർ ഉയർത്തി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയത്തിൽ ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കളിക്കുക എന്നത് വളരെയധികം കഠിനമാണ്. കഴിഞ്ഞ ദിവസം അർജന്റീന ടീം ലാ പാസിൽ വെച്ചു കൊണ്ട് പരിശീലനം നടത്തിയിരുന്നു. അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ലാ പാസിലെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
— Emi Martínez (@emimartinezz1) September 11, 2023
സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ” ട്രെയിനിങ്ങിൽ ഉടനീളം വായുവിനെ അന്വേഷിക്കുകയായിരുന്നു ” എന്നാണ് എമി എഴുതിയിട്ടുള്ളത്. അതായത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.
ഈ വെല്ലുവിളിയെ മറികടക്കാൻ വേണ്ടി ഓക്സിജൻ ട്യൂബുമായാണ് അർജന്റീന താരങ്ങൾ ബൊളീവിയയിൽ വന്ന് ഇറങ്ങിയിട്ടുള്ളത്. ഓരോ താരങ്ങൾക്കും ചെറിയ ഓക്സിജൻ ട്യൂബുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ സാഹചര്യം ഒരു ഒഴിവു കഴിവായി പറയില്ല എന്നത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തി മികച്ച വിജയം നേടുക എന്നുള്ളത് മാത്രമാണ് ലക്ഷ്യമെന്നും അർജന്റീന കോച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.