ക്രിസ്റ്റ്യാനോ തന്റെ റെക്കോർഡ് തകർക്കും, താനത് കണക്കാക്കുക ബഹുമതിയായിട്ട്, അലി ദായി പറയുന്നു !

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട റെക്കോർഡിനുടമയാണ് ഇറാനിന്റെ ഇതിഹാസതാരം അലി ദായി. ഫുട്ബോൾ ലോകത്ത് തന്റെ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് അലി ദായിയുടെ പേരിലാണ്. പതിമൂന്ന് വർഷത്തെ തന്റെ കരിയറിനിടെ 109 തവണ താരം ഗോൾവല ചലിപ്പിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.കഴിഞ്ഞ അണ്ടോറക്കെതിരെയുള്ള മത്സരത്തിൽ ഗോൾ കണ്ടെത്തിയതോട് കൂടി 102 ഗോളുകൾ പിന്നിട്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഏഴ് ഗോളുകൾ കൂടി താരം നേടിക്കഴിഞ്ഞാൽ ഇദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ ക്രിസ്റ്റ്യാനോക്ക്‌ സാധിച്ചേക്കും. ഈയൊരു വിഷയത്തോട് സംസാരിച്ചിരിക്കുകയാണിപ്പോൾ അലി ദായി. റൊണാൾഡോ തന്റെ റെക്കോർഡ് തകർക്കുമെന്നും എന്നാൽ അത് തന്നെ വേദനിപ്പിക്കുകയില്ലെന്നും മറിച്ച് അതൊരു ബഹുമതിയായിട്ടാണ് താൻ കാണുകയെന്നും അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം റെക്കോർഡ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ അൻപത്തിയൊന്നുകാരനായ മുൻ താരം.

” എന്റെ ദേശീയ ടീമിന് വേണ്ടി ഞാൻ കുറിച്ച റെക്കോർഡിലേക്ക് തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ അതൊരിക്കലും എന്നെ വേദനിപ്പിക്കില്ല. മറിച്ച് അദ്ദേഹത്തെ പോലെയൊരു പ്രതിഭാധനനായ ഒരു താരം അത് തകർക്കുന്നത് ഒരു ബഹുമതിയായാണ് ഞാൻ കണക്കാക്കുക. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ മാത്രമല്ല ക്രിസ്റ്റ്യാനോ, മറിച്ച് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. തീർച്ചയായും അദ്ദേഹമൊരു പ്രതിഭാസം തന്നെയാണ്. അദ്ദേഹം ആ റെക്കോർഡ് തകർക്കുമ്പോൾ ഞാൻ അദ്ദേഹത്തെ നേരിട്ട് തന്നെ അഭിനന്ദിക്കും. നിലവിൽ അദ്ദേഹം 102 ഗോളുകൾ നേടിക്കഴിഞ്ഞു. ഇനി അദ്ദേഹം എന്റെ റെക്കോർഡ് തകർക്കും. അക്കാര്യത്തിൽ എനിക്ക് സംശയവുമൊന്നുമില്ല. കേവലം ഏഴ് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത് ” അലി ദായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *