CR7 അടുത്ത മത്സരം കളിക്കില്ല, ഇനി കാണാനാവുക മാർച്ചിൽ മാത്രം!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അവർ പോളണ്ടിനെ തകർത്ത് തരിപ്പണമാക്കിയത്. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കിടിലൻ ബൈസിക്കിൾ കിക്ക് ഗോൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

39 കാരനായ റൊണാൾഡോ ഈ പ്രായത്തിലും മാസ്മരിക പ്രകടനം തുടരുകയാണ്. എന്നാൽ അടുത്ത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.സൗദി അറേബ്യൻ മാധ്യമപ്രവർത്തകരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രശ്നങ്ങൾ ഒന്നുമില്ല, മറിച്ച് പോർച്ചുഗീസ് പരിശീലകനായ റോബർട്ടോ മാർട്ടിനെസ്സ് അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയാണ് ചെയ്യുക.

പോർച്ചുഗൽ അടുത്ത മത്സരത്തിൽ ക്രൊയേഷ്യയെയാണ് നേരിടുക. വരുന്ന നവംബർ പതിനെട്ടാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയോരു മത്സരം നടക്കുക. ഈ മത്സരത്തിലാണ് റൊണാൾഡോക്ക് പരിശീലകൻ വിശ്രമം അനുവദിക്കുക എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തുടർച്ചയായി മത്സരങ്ങൾ റൊണാൾഡോക്ക് കളിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടാണ് പരിശീലകൻ അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചത്. ഇനി പോർച്ചുഗൽ ടീമിന്റെ ജേഴ്സിയിൽ മാർച്ചിൽ മാത്രമാണ് റൊണാൾഡോയെ കാണാൻ കഴിയുക. അതുവരെ ഇന്റർനാഷണൽ മത്സരങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല.

പതിവുപോലെ ഗംഭീര പ്രകടനം റൊണാൾഡോ ഈ സീസണിലും നടത്തുന്നുണ്ട്. സൗദി അറേബ്യൻ ലീഗിൽ 9 മത്സരങ്ങൾ കളിച്ച റൊണാൾഡോ ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പോർച്ചുഗലിനു വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.യുവേഫ നേഷൻസ് ലീഗിൽ 5 മത്സരങ്ങൾ കളിച്ച റൊണാൾഡോ 5 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *