CR7 പോയതോടെ യുണൈറ്റഡിന്റെ തലവേദന ഒഴിഞ്ഞു: കോളിമോർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ അഭിമുഖത്തിൽ തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.നിലവിൽ ക്രിസ്റ്റ്യാനോ ഫ്രീ ഏജന്റ് ആണ്.ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുപോവുക.

ഇപ്പോഴിതാ മിററിന്റെ കോളമിസ്റ്റും മുൻ ഇംഗ്ലീഷ് താരവുമായിരുന്ന സ്റ്റാൻ കോളിമോർ റൊണാൾഡോയുടെ കാര്യത്തിൽ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതോടുകൂടി യുണൈറ്റഡിലെ പ്രശ്നം അവസാനിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.1995 ലെ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള താരമായിരുന്നു കോളിമോർ.മുൻ ലിവർപൂൾ താരവും കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ കുറച്ചു മാസങ്ങളായി യുണൈറ്റഡിന് ഉണ്ടായിരുന്ന തലവേദന ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.അദ്ദേഹം പോയതോടുകൂടി അത് അവസാനിച്ചിരിക്കുന്നു. ഇനിയിപ്പോ ഓരോ ആഴ്ചയിലും എറിക് ടെൻ ഹാഗിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരില്ല. മത്സരത്തിന്റെ ടെലികാസ്റ്റിനിടെ ബെഞ്ചിൽ ഇരിക്കുന്ന റൊണാൾഡോയെയും അതിനുശേഷം അലക്സ് ഫെർഗൂസനെ കാണിക്കുന്നതും ഇനി കാണേണ്ടി വരില്ല.കഴിഞ്ഞ കുറെ വർഷങ്ങളായി യുണൈറ്റഡ് ഒരുപാട് പണം പാഴാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ആരാധകർക്ക് സന്തോഷിക്കാനുള്ള വക അവർ നൽകേണ്ടതുണ്ട് ” ഇതാണ് കോളിമോർ പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോ ഇനി ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ മാത്രമാണ് റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *