CR7നും മെസ്സിക്കും പിറകിലായി മൂന്നാമത്,പുഷ്കാസിന്റെ തൊട്ടരികിൽ,അഭിമാനമായി ഛേത്രി

ഇന്നലെ നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കംബോഡിയയെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ എതിരാളികളെ തകർത്തു വിട്ടത്. സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ഛേത്രി ഇന്ത്യക്ക് ലീഡ് നേടി കൊടുത്തത്. പിന്നീട് അറുപതാം മിനിറ്റിൽ വീണ്ടും ഛേത്രി ഗോൾ നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.ഇതോടെ മൂന്ന് പോയിന്റുള്ള ഇന്ത്യ ടേബിളിൽ ഒന്നാംസ്ഥാനത്താണ്.

ഏതായാലും ഇന്നലത്തെ ഇരട്ടഗോൾ നേട്ടത്തോട് കൂടി ഇന്ത്യക്ക് വേണ്ടി 82 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ സുനിൽ ഛേത്രിക്ക് സാധിച്ചിട്ടുണ്ട്. ഇതോടുകൂടി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ചാമത്തെ താരമായ ഫെറെങ്ക് പുഷ്ക്കാസിന്റെ തൊട്ടരികിൽ എത്താൻ ഛേത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിഹാസമായ പുഷ്കാസ് ആകെ 84 ഗോളുകളാണ് തന്റെ രാജ്യത്തിന് വേണ്ടി നേടിയിട്ടുള്ളത്. രണ്ട് ഗോളുകൾ കൂടി നേടി കഴിഞ്ഞാൽ പുഷ്കാസിനൊപ്പമെത്താൻ ഛേത്രിക്ക് സാധിക്കും.

അതേസമയം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഛേത്രി. ഒന്നാം സ്ഥാനത്തുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും രണ്ടാം സ്ഥാനത്തുള്ളത് സാക്ഷാൽ ലയണൽ മെസ്സിയുമാണ്.117 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗല്ലിന് വേണ്ടി നേടിയിട്ടുള്ളത്. അതേസമയം 86 ഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.

ഏതായാലും ഈ ഇതിഹാസങ്ങളുടെ ഇടയിൽ സുനിൽ ഛേത്രിക്ക് ഇടം നേടാൻ കഴിഞ്ഞത് എല്ലാ അർത്ഥത്തിലും അഭിമാനിക്കാൻ കഴിയുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *