Confirmed : മാർച്ചിൽ അർജന്റീന ഏഷ്യയിൽ കളിക്കും!
അർജന്റീനയുടെ ദേശീയ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വയോട് അർജന്റീന പരാജയപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം നടന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന മികവിലേക്ക് തിരിച്ചുവരികയായിരുന്നു.ഇനി വരുന്ന മാർച്ച് മാസത്തിലാണ് അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുക.
രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിക്കുക. അതിലെ ഒരു മത്സരം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യൻ രാജ്യമായ ചൈനയ്ക്കെതിരെയാണ് അർജന്റീന കളിക്കുക.ചൈനയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക. പ്രമുഖ അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Confirmado:
— Gastón Edul (@gastonedul) January 15, 2024
Argentina vs China en marzo y en China.
എന്നാൽ ഈ മത്സരത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.അതേസമയം മാർച്ച് മാസത്തിൽ മറ്റൊരു മത്സരം കൂടി അർജന്റീന കളിക്കുന്നുണ്ട്.ആ മത്സരത്തിലെ എതിരാളികളുടെ കാര്യത്തിൽ കൂടി കൺഫർമേഷൻ വരാനുണ്ട്. ശക്തരായ എതിരാളികൾക്കെതിരെ കളിക്കാനാണ് അർജന്റീന ആഗ്രഹിക്കുന്നത്.കാരണം കോപ്പ അമേരിക്ക വരുന്നുണ്ട്.അതിന് നല്ല രീതിയിൽ തന്നെ അർജന്റീനക്ക് തയ്യാറെടുക്കേണ്ടതുണ്ട്. കിരീടം നിലനിർത്തുക എന്നുള്ളതാണ് അർജന്റീനയുടെ ലക്ഷ്യം.
കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ ചിലി,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.കോൺമേബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അർജന്റീനയാണ്. ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച അവർ 15 പോയിന്റാണ് നേടിയിട്ടുള്ളത്. അതേസമയം ആറു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ മാത്രം വിജയിച്ച ബ്രസീൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് തുടരുന്നത്.മാർച്ച് മാസത്തിൽ ബ്രസീൽ യൂറോപ്യൻ കരുത്തരായ സ്പെയിൻ,ഇംഗ്ലണ്ട് എന്നിവർക്കെതിരെയാണ് കളിക്കുന്നത്.