കരിയർ ഇവിടെ അവസാനിപ്പിക്കൂ, മെസ്സിക്ക് അർജന്റൈൻ പ്രസിഡന്റിന്റെ ഉപദേശം. !

സൂപ്പർ താരം ലയണൽ മെസ്സിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. ഒടുവിൽ ലാലിഗ തന്നെ നേരിട്ട് പ്രസ്താവന ഇറക്കുകയും മെസ്സിക്ക് ബാഴ്സ വിട്ടു പോവാനാവില്ലെന്നും ലാലിഗ അധികൃതർ അറിയിച്ചിട്ടുണ്ട്. മെസ്സിക്ക് ക്ലബ് വിടണമെങ്കിൽ എഴുന്നൂറ് മില്യൺ യുറോ റീലിസ് ക്ലോസ് വാങ്ങുന്ന ക്ലബ് നൽകേണ്ടി വരും. ഇപ്പോഴിതാ മെസ്സിയുടെ വിഷയത്തിൽ അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസ് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. മെസ്സി അർജന്റീനയിലേക്ക് തിരിച്ചുപോന്ന് തന്റെ കുട്ടിക്കാല ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്സിൽ കളിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവിശ്യം. മെസ്സിയുടെ കരിയർ അദ്ദേഹം ന്യൂവെല്ലിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. C5N-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയെ കുറിച്ച് സംസാരിച്ചത്. തങ്ങളുടെ ഹൃദയത്തിലാണ് മെസ്സിയുടെ സ്ഥാനമെന്നും അദ്ദേഹം തന്റെ പഴയ ക്ലബിൽ എത്തിയാൽ എല്ലാവരും സന്തോഷവാൻമാരാവുമെന്നും ഇദ്ദേഹം അറിയിച്ചു. മെസ്സി-മറഡോണ താരതമ്യത്തിലും ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.

” മെസ്സിക്ക് എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം. മെസ്സി ക്ലബിന് വേണ്ടി ഇവിടെ കളിക്കുന്നത് കാണാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്സിലേക്ക് മെസ്സി മടങ്ങിയെത്തി കരിയർ പൂർത്തിയാക്കിയാൽ അത്‌ ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകും. അദ്ദേഹത്തിന് ബാഴ്‌സലോണയിൽ വിരമിക്കണം എന്നില്ലെങ്കിൽ, മാഴ്‌സെലോ ബിയത്സ ചെയ്ത പോലെ ന്യൂവെൽസിൽ വിരമിക്കാം. മറഡോണയുടെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ അദ്ദേഹം ലോകത്തിനെതിരെ മത്സരിച്ചു എന്നതാണ്. മറഡോണയെ പോലെ ഒരു താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ മറഡോണയുടെ ഒരു കടുത്ത ആരാധകനാണ്. മെസ്സിയെക്കാളും കൂടുതൽ. സത്യസന്ധ്യമായി പറഞ്ഞാൽ മറഡോണ അർജന്റീനോസിലൂടെയാണ് വളർന്നു വന്നത്. അദ്ദേഹം ലോകത്തിനെതിരെ കളിക്കുന്നത് ഞാൻ കണ്ടു. ഒരു യോദ്ധാവ് ആയിരുന്നു അദ്ദേഹം. അവിശ്വസനീയമായ കരുത്ത് അദ്ദേഹത്തിന്റെ ശക്തിയായിരുന്നു ” അർജന്റൈൻ പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *