62 മത്സരങ്ങൾ,2020 ദിവസങ്ങൾ, ബ്രസീലിൽ മുഴുവനും അരങ്ങേറ്റ ഗോൾകീപ്പർമാർ!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ എതിരാളികൾ ഇംഗ്ലണ്ടാണ്. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.അതിനുശേഷം മറ്റൊരു കരുത്തരായ സ്പെയിനിനെ ബ്രസീൽ നേരിടും. മാർച്ച് 27ആം തീയതി രാത്രി 2:00 മണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് ബ്രസീൽ പ്രഖ്യാപിച്ചിരുന്നു. ഗോൾകീപ്പർമാരായ ആലിസൺ,എഡേഴ്സൺ എന്നിവർ സ്‌ക്വാഡിൽ നിന്നും പുറത്തായിട്ടുണ്ട്.

പരിക്ക് കാരണമാണ് രണ്ട് പേർക്കും ഈ മത്സരങ്ങൾ നഷ്ടമാകുന്നത്.അത്ലറ്റിക്കോ പാരനെയ്ൻസിന്റെ ഗോൾകീപ്പറായ ബെന്റോ,സാവോ പോളോയുടെ ഗോൾ കീപ്പറായ റഫയേൽ,വാസ്ക്കോയുടെ ഗോൾ കീപ്പറായ ലിയോ ജാർടിം എന്നിവരാണ് ഇപ്പോൾ ബ്രസീലിന്റെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുള്ള ഗോൾകീപ്പർമാർ. ഇവരുടെ പ്രത്യേകത എന്തെന്നാൽ 3 പേരും പുതുമുഖങ്ങളാണ്.ബ്രസീലിന് വേണ്ടി ആര് ഗോൾ വല കാത്താലും അത് പുതിയ ഒരു ഗോൾകീപ്പറുടെ അരങ്ങേറ്റമായിരിക്കും.

ദീർഘ കാലത്തിനുശേഷമാണ് ബ്രസീൽ ദേശീയ ടീമിന് വേണ്ടി ഒരു ഗോൾകീപ്പർ ഇപ്പോൾ അരങ്ങേറാനിരിക്കുന്നത്. 62 മത്സരങ്ങൾക്ക് ശേഷം അഥവാ 2020 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ബ്രസീലിൽ ഒരു പുതിയ ഗോൾകീപ്പർ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. 2018 മുതൽ ഇതുവരെ ആലിസൺ,എഡേഴ്സൺ,വെവേർടൺ എന്നിവർ മാത്രമായിരുന്നു ബ്രസീലിന്റെ ഗോൾ വലയം കാത്തിരുന്നത്. അഞ്ചര വർഷത്തിനുശേഷമാണ് ഇപ്പോൾ ബ്രസീലിന് പുതിയ ഗോൾകീപ്പർമാർ വരുന്നത്.

എന്നാൽ ഈ മൂന്ന് താരങ്ങളിൽ ആരായിരിക്കും അരങ്ങേറ്റം കുറിക്കുക എന്ന കാര്യത്തിൽ പരിശീലകൻ തീരുമാനമെടുത്തിട്ടില്ല.2018ൽ ഏറ്റവും ഒടുവിൽ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച് ഗോൾകീപ്പർ നെറ്റോയാണ്. അതിനുശേഷം ആലിസൺ 31 മത്സരങ്ങളിലും എഡേഴ്സൺ 24 മത്സരങ്ങളിലും വെവേർടൺ 8 മത്സരങ്ങളിലുമാണ് ഗോൾവല കാത്തിട്ടുള്ളത്. ഏതായാലും ബ്രസീലിന്റെ ഗോൾകീപ്പിംഗ് പരിശീലകനായ ടഫറേൽ ഈ മൂന്നുപേരിൽ ഒരാളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *