5 വർഷത്തിനിടെ 5 ഗോളുകൾ മാത്രം,വിനി ബ്രസീലിനായി തിളങ്ങേണ്ടത് അനിവാര്യം!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പതിവുപോലെ ഈ സീസണിലും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ 12 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.രണ്ട് ഹാട്രിക്കുകൾ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ബാലൺഡി’ഓർ നേടാൻ കഴിഞ്ഞില്ല എന്നത് വിനീഷ്യസിനെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നൽകിയ കാര്യമാണ്.
അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പലരും വിലയിരുത്തിയത് വിനിയുടെ ദേശീയ ടീമിനു വേണ്ടിയുള്ള പ്രകടനമാണ്. ബ്രസീലിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീഷ്യസിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ കണക്കുകൾ അത് തെളിയിക്കുന്നുമുണ്ട്.
2019 ലാണ് വിനീഷ്യസ് ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.ഈ 5 വർഷത്തിനിടെ 35 മത്സരങ്ങൾ അദ്ദേഹം ബ്രസീലിനു വേണ്ടി കളിച്ചു.എന്നാൽ കേവലം 5 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇതിന് പുറമെ 5 അസിസ്റ്റുകൾ കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ക്ലബ്ബ് തലത്തിൽ ഗംഭീര പ്രകടനം നടത്തുന്ന വിനീഷ്യസിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രകടനമല്ല ബ്രസീലിയൻ ആരാധകർ പ്രതീക്ഷിക്കുന്നത്.
നെയ്മറുടെ അഭാവത്തിൽ ബ്രസീലിന്റെ ഏറ്റവും വലിയ പ്രതീക്ഷ വിനീഷ്യസ് തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പ അമേരിക്കയിൽ അദ്ദേഹം നിരാശപ്പെടുത്തി. കഴിഞ്ഞ കോപ്പയിൽ ബ്രസീലിന് വേണ്ടി തിളങ്ങുകയും ചുരുങ്ങിയത് ഫൈനലിൽ എങ്കിലും എത്തിക്കാൻ സാധിക്കുകയും ചെയ്തിരുന്നുവെങ്കിൽ വിനീഷ്യസിന് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. ബ്രസീലിയൻ ടീമിൽ നെയ്മറുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട വിനീഷ്യസിന് അതിനോട് യാതൊരുവിധ തരത്തിലും നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല.
നെയ്മർ പരിക്കു കാരണം ഇപ്പോഴും പുറത്താണ്.വിനീഷ്യസ് ബ്രസീലിനായി തിളങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ കരിയറിന് അതൊരു കോട്ടം തന്നെയായിരിക്കും.