39ആം വയസ്സിലും മാസ്മരിക പ്രകടനം,CR7നെ കുറിച്ച് റോബർട്ടോ മാർട്ടിനസ് പറഞ്ഞത് കണ്ടോ?
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ പോളണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.
39 കാരനായ റൊണാൾഡോയാണ് നേഷൻസ് ലീഗ് ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. താരത്തെ പ്രശംസിച്ചുകൊണ്ട് പോർച്ചുഗലിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ ട്രെയിനിങ്ങിൽ കാണിക്കുന്ന ആത്മാർത്ഥതയാണ് വളരെ പ്രധാനപ്പെട്ടത് എന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രെയിനിങ്ങിൽ കാണിക്കുന്ന ആത്മാർത്ഥതയാണ് വളരെ പ്രധാനപ്പെട്ട കാര്യം.അദ്ദേഹത്തിന്റെ പൊസിഷനിൽ വർക്ക് ചെയ്യുമ്പോൾ അദ്ദേഹം വളരെയധികം അച്ചടക്കം കാണിക്കുന്നു. നന്നായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് റൊണാൾഡോ. വേൾഡ് ഫുട്ബോളിന്റെ എലൈറ്റ് ലെവലിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഇപ്പോഴും തുടരുകയാണ്.ഗോളുകൾ നേടുക എന്നുള്ളതാണ് ആ കാര്യം.ഞങ്ങളുടെ ലീഡറാണ് റൊണാൾഡോ.അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു ” ഇതാണ് റൊണാൾഡോയെ കുറിച്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 135 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. പ്രൊഫഷണൽ കരിയറിൽ ആകെ 910 ഗോളുകളാണ് റൊണാൾഡോ പൂർത്തിയാക്കിയിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യക്കെതിരെയാണ് കളിക്കുക.ആ മത്സരത്തിൽ റൊണാൾഡോക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.