2026 വേൾഡ് കപ്പിലും കാണും അർജന്റീനക്ക് തന്ത്രങ്ങളോതാൻ ലയണൽ സ്കലോണി.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി സ്വന്തമാക്കിയിരുന്നു. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെയാണ് ഇദ്ദേഹം പിന്തള്ളിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടിക്കൊടുത്ത പരിശീലകനാണ് സ്കലോണി.അതുതന്നെയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയിട്ടുള്ളത്.

ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്നേ അർജന്റീന ഫുട്ബോൾ അസോസിയേഷൻ മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു. അതായത് തങ്ങളുടെ പരിശീലകനായ ലയണൽ സ്കലോണിയുടെ കരാർ 2026 വരെ പുതുക്കി കഴിഞ്ഞു എന്നാണ് ഒഫീഷ്യലായി കൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് 2026ലെ വേൾഡ് കപ്പിലും അർജന്റീനക്ക് തന്ത്രങ്ങൾ ഒരുക്കുക സ്കലോണി തന്നെയായിരിക്കും.

2018ലെ റഷ്യൻ വേൾഡ് കപ്പിൽ നിന്നും അർജന്റീന ദയനീയമായി പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് താൽക്കാലിക പരിശീലകനായി കൊണ്ട് ലയണൽ സ്കലോണി ചുമതലയേറ്റത്.വലിയ മാറ്റങ്ങളാണ് പിന്നീട് അദ്ദേഹം അർജന്റീനയുടെ നാഷണൽ ടീമിൽ ഉണ്ടാക്കിയത്. അതിന്റെ ഫലമായി കൊണ്ടാണ് ഈ കഴിഞ്ഞ കുറച്ചു വർഷത്തിനിടെ ഒരുപാട് കിരീടങ്ങൾ നേടാൻ അർജന്റീനക്ക് സാധിച്ചത്. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന എല്ലാ വിമർശനങ്ങൾക്കും അറുതി വരുത്തുകയായിരുന്നു.

ആകെ 57 മത്സരങ്ങളിലാണ് ലയണൽ സ്കലോണി അർജന്റീനയെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിൽ 37 മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.15 സമനിലകൾ വഴങ്ങിയപ്പോൾ കേവലം അഞ്ചുമത്സരങ്ങളിൽ മാത്രമാണ് അർജന്റീന പരാജയപ്പെട്ടിട്ടുള്ളത്. ഏതായാലും മുഖ്യ പരിശീലകനായി കൊണ്ട് സ്കലോണി തുടരുന്നു എന്നുള്ള വാർത്ത ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾക്കിടെ അർജന്റീന ആരാധകർക്ക് ഇരട്ടിമധുരം പകരുന്ന ഒന്നുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *