18 വർഷങ്ങൾക്ക് ശേഷം ക്രിസ്ത്യാനോക്കൊപ്പം ഒരുമിക്കാനുള്ള കരോലിനയുടെ മോഹങ്ങൾക്ക് തടസ്സമായി യുവേഫ!
ഇന്ന് യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സ്ലോവേനിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഫ്രാങ്ക്ഫർട്ടിൽ വെച്ച് കൊണ്ട് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് 2006ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മറൈൻഫീൽഡിൽ എത്തിയപ്പോൾ അവിടെ തടിച്ചുകൂടിയ ആരാധകരിൽ ഒരാൾ കരോലീനയുടെ അമ്മയായിരുന്നു. കേവലം ഒരു വയസ്സ് മാത്രമുള്ള കരോലീനയും അമ്മക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് 2006ൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഫോട്ടോയെടുക്കാൻ ഒരു വയസ്സ് മാത്രമുള്ള കരോലീനക്ക് സാധിച്ചിരുന്നു.
ഇന്നിപ്പോൾ 18 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 19 വയസ്സുള്ള കരോലിന പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും ഒരു വലിയ ആരാധികയാണ്. ഇന്നലെ ക്രിസ്റ്റ്യാനോ മറൈൻഫീൽഡിൽ എത്തിയപ്പോൾ ഹോട്ടലിന് മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടിയുള്ള ഫോക്ക് ഗ്രൂപ്പിൽ കരോലീനയും ഉണ്ടായിരുന്നു. 18 വർഷങ്ങൾക്ക് ശേഷം മറൈൻഫീൽഡിൽ വെച്ച് കൊണ്ട് തന്നെ ക്രിസ്റ്റ്യാനോക്കൊപ്പം മറ്റൊരു ഫോട്ടോ കൂടി എടുക്കാൻ കഴിയുമെന്ന് ഇവർ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന് തടസ്സം യുവേഫയായിരുന്നു.
പോർച്ചുഗൽ ടീം വരുന്ന സമയത്ത് യുവേഫയുടെ സെക്യൂരിറ്റി ഈ ഫോക്ക് ഗ്രൂപ്പിനെ അവിടെ നിന്നും മാറ്റുകയായിരുന്നു.കരോലിനക്ക് ക്രിസ്റ്റ്യാനോക്കൊപ്പം ഒരുമിക്കാനോ ഫോട്ടോയെടുക്കാനോ സാധിച്ചില്ല. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ഈ ഫോക്ക് ഗ്രൂപ്പിനെ അവിടെ നിന്ന് മാറ്റിയതെന്ന് യുവേഫ വിശദീകരണമായി കൊണ്ട് നൽകിയിട്ടുണ്ട്.ഏതായാലും കരോലീന എന്ന ആരാധികയുടെ സ്വപ്നം പൂർത്തിയാകാത്തത് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.