ഹൾക്ക് വന്നു,50 വർഷത്തിന് ശേഷം ലീഗ് കിരീടം നേടി അത്ലറ്റിക്കോ!

50 വർഷത്തിന് ശേഷം ഇതാദ്യമായി ബ്രസീലിയൻ ലീഗ് കിരീടം നേടി അത്ലറ്റിക്കോ മിനയ്‌റോ. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഹിയയെയാണ് അത്ലറ്റിക്കോ കീഴടക്കിയത്. ഇതോടെ ലീഗിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കെ മിനയ്‌റോ കിരീടം ഉറപ്പിക്കുകയായിരുന്നു.36 മത്സരങ്ങളിൽ നിന്ന് 81 പോയിന്റാണ് അത്ലറ്റിക്കോയുടെ സമ്പാദ്യം.70 പോയിന്റുള്ള ഫ്ലെമെങ്കോയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇന്നലത്തെ മത്സരത്തിൽ 73-ആം മിനുട്ട് വരെ അത്ലറ്റിക്കോ രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു. എന്നാൽ പിന്നീട് കെനോയുടെ ഇരട്ട ഗോളുകളും ഹൾക്കിന്റെ ഗോളും മിനയ്റോക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ഈയൊരു കിരീടധാരണത്തിൽ ക്ലബ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഹൾക്ക് എന്ന താരത്തോട് ആയിരിക്കും. ഈ സീസണിൽ ടീമിൽ എത്തിയ ഹൾക്ക് 18 ഗോളുകളാണ് ലീഗിൽ നേടിയത്. ബ്രസീലിയൻ ലീഗിലെ ടോപ് സ്‌കോററും ഹൾക്ക് തന്നെയാണ്. താരത്തിന്റെ മികച്ച പ്രകടനം തന്നെയാണ് അത്‌ലറ്റിക്കോയെ കിരീടത്തിലേക്ക് എത്തിച്ചത്.

ഇതിന് മുമ്പ് 1971-ലായിരുന്നു അത്ലറ്റിക്കോ ബ്രസീലിയൻ ലീഗിൽ മുത്തമിട്ടിരുന്നത്. കൃത്യം അൻപത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും കിരീടം നേടാൻ അത്ലറ്റിക്കോക്ക് കഴിഞ്ഞു. ഈ വർഷം മികച്ച പ്രകടനം തന്നെയാണ് അത്ലറ്റിക്കോ കാഴ്ച്ചവെച്ചിട്ടുള്ളത്. ഈ വർഷം ആകെ കളിച്ച 82 മത്സരങ്ങളിൽ പത്തെണ്ണത്തിൽ മാത്രമാണ് അത്ലറ്റിക്കോ പരാജയപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *