ഹോംവർക്കിനുള്ള പുസ്തകം കൊണ്ടാണ് ഇങ്ങോട്ട് പോന്നിട്ടുള്ളത്: യൂറോ ക്യാമ്പിൽ നിന്നും യമാൽ!
ഇത്തവണത്തെ യൂറോ കപ്പിന് വേണ്ടിയുള്ള സജീവമായ ഒരുക്കത്തിലാണ് വമ്പൻമാരായ സ്പെയിൻ ഉള്ളത്.നിരവധി യുവ സൂപ്പർതാരങ്ങൾ സംബന്ധമാണ് സ്പെയിനിന്റെ ടീം. ഇതിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് ലാമിനെ യമാലിലേക്കാണ്. കേവലം 16 വയസ്സ് മാത്രമുള്ള ഈ താരം യൂറോ കപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പതിനാറാം വയസ്സിൽ തന്നെ അദ്ദേഹം ബാഴ്സലോണയുടെയും സ്പെയിനിന്റെയും നിർണായക താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എന്നാൽ യൂറോകപ്പിനോടൊപ്പം അദ്ദേഹത്തിന് പഠനവും മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഹോം വർക്കിന് വേണ്ടിയുള്ള സാധനസാമഗ്രികളുമായാണ് താൻ യൂറോ ക്യാമ്പിൽ എത്തിയിട്ടുള്ളത് എന്നാണ് യമാൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ എന്റെ ഹോം വർക്കിനുള്ള ഉപകരണങ്ങളും എന്നോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. കാരണം ഞാൻ ഇപ്പോഴും വിദ്യാർത്ഥിയാണ്.ESO ഫോർത്ത് ഇയറിലാണ് ഞാൻ പഠിക്കുന്നത്.ഓൺലൈനിലൂടെ എനിക്ക് ഇപ്പോഴും ക്ലാസുകൾ ഉണ്ട്. ടീച്ചർ എന്നെ ഇതിന്റെ പേരിൽ സസ്പെൻഡ് ചെയ്യില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ലാലിഗയിലെ 37 മത്സരങ്ങളിലും ഈ യുവ സൂപ്പർ താരം പങ്കെടുത്തിട്ടുണ്ട്. അതിൽ നിന്ന് 5 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ബാഴ്സയിൽ ചാവി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് യമാൽ. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിലും ഈ താരത്തിന് നിർണായക റോൾ ഉണ്ടായേക്കും.