ഹാട്രിക്ക് ക്രിസ്റ്റ്യാനോ, പോർച്ചുഗല്ലിന് തകർപ്പൻ ജയം!
ഇന്നലെ നടന്ന യുവേഫ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലക്‌സംബർഗിനെയാണ് പോർച്ചുഗൽ തകർത്തു വിട്ടത്. ഹാട്രിക്ക് നേടിയ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗല്ലിന്റെ വിജയശില്പി. ഇരട്ട പെനാൽറ്റി ഗോളുകളുടെ ബലത്തിലാണ് റൊണാൾഡോ ഹാട്രിക്ക് നേടിയത്.ബ്രൂണോ ഫെർണാണ്ടസ്, പെലിഞ്ഞ എന്നിവരാണ് പോർച്ചുഗല്ലിന്റെ ശേഷിച്ച ഗോളുകൾ നേടിയത്.ഇതോടെ രാജ്യത്തിനു വേണ്ടിയുള്ള ഗോൾനേട്ടം 115 ആയി ഉയർത്താൻ റൊണാൾഡോക്ക് സാധിച്ചു. പോർച്ചുഗല്ലിന് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ പത്താം ഹാട്രിക്കും കരിയറിലെ 58-ആം ഹാട്രിക്കുമാണ് റൊണാൾഡോ കുറിച്ചത്.
Cristiano Ronaldo gets his Hattrick! 🇵🇹pic.twitter.com/O5QpEKxtTl
— The United Zone Podcast (@UnitedZonePod) October 12, 2021
മത്സരത്തിന്റെ എട്ടാം മിനുട്ടിലും 13-ആം മിനുട്ടിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടുകയായിരുന്നു.18-ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഗോൾ നേടി.69-ആം മിനുട്ടിൽ പെലിഞ്ഞയുടെ ഗോൾ പിറന്നു. ബ്രൂണോയാണ് ഇതിന് അസിസ്റ്റ് നൽകിയത്.87-ആം മിനുട്ടിൽ റൂബൻ നെവസിന്റെ അസിസ്റ്റിൽ നിന്നാണ് ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്.