ഹാട്രിക്ക്‌ നെയ്മർ, പെറുവിനെയും തകർത്ത്‌ ബ്രസീൽ മുന്നോട്ട് !

ഹാട്രിക്കുമായി സൂപ്പർ താരം നെയ്മർ ജൂനിയർ മുന്നിൽ നിന്ന് നയിച്ചപ്പോൾ കരുത്തരായ ബ്രസീലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും വമ്പൻ വിജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ കീഴടക്കിയത്. പെറുവിന്റെ കനത്ത വെല്ലുവിളിയെ നെയ്മറുടെ മികവിലാണ് ബ്രസീൽ മറികടന്നത്. രണ്ട് പെനാൽറ്റികളാണ് നെയ്മറെ ഹാട്രിക് നേടാൻ തുണച്ചത്. ശേഷിച്ച ഒരു ഗോൾ റിച്ചാർലീസൺ നേടി. പെറുവിന് വേണ്ടി കറില്ലോ, ടാപ്പിയ എന്നിവരാണ് ഗോൾ കണ്ടെത്തിയത്. രണ്ട് തവണയും പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്.ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ബ്രസീലിന് കഴിഞ്ഞു.

മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കറില്ലോ ബ്രസീലിന്റെ ഗോൾവലയെ ചലിപ്പിച്ചു. മാർക്കിഞ്ഞോസ് ക്ലിയർ ചെയ്ത ബോൾ ഒരു ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. എന്നാൽ 28-ആം മിനിറ്റിൽ നെയ്മർ ഇതിന് മറുപടി നൽകി. ബോക്സിനകത്ത് തന്നെ ജേഴ്സി പിടിച്ചു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ അറുപതാം മിനുട്ടിൽ പെറു വീണ്ടും ലീഡ് നേടി. റെനാറ്റൊ ടാപ്പിയയാണ് ഗോൾ കണ്ടെത്തിയത്. എന്നാൽ 65-ആം മിനിറ്റിൽ തന്നെ ബ്രസീൽ ഇതിന് മറുപടി നൽകി. ഫിർമിഞ്ഞോയുടെ പാസിൽ നിന്ന് റിച്ചാർലീസൺ ഫിനിഷ് ചെയ്യുകയായിരുന്നു. 83-ആം മിനുട്ടിലാണ് ബ്രസീലിന് വീണ്ടും പെനാൽറ്റി ലഭിക്കുന്നത്. നെയ്മറെ ബോക്സിനകത്ത് വീഴ്ത്തിയതിന്റെ ഫലമായി ലഭിച്ച പെനാൽറ്റി നെയ്മർ തന്നെ ഗോൾകീപ്പറെ കബളിപ്പിച്ച് ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ 89-ആം മിനുട്ടിൽ റിച്ചാർലീസണെ ഫൗൾ ചെയ്തതിന്റെ ഫലമായി കാർലോസ് സമ്പ്രാനോക്ക്‌ റെഡ് കണ്ട് പുറത്തു പോവേണ്ടി വന്നു. തുടർന്ന് 90-ആം മിനിട്ടിൽ നെയ്മർ തന്നെ ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു. എവെർടൺ നടത്തിയ ഗോൾശ്രമം പോസ്റ്റിലിടിച്ചു തിരിച്ചു വന്നെങ്കിലും നെയ്മർ ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ നേടി കൊണ്ടാണ് ബ്രസീൽ മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *