ഹാട്രിക്കുകളുടെ കളിത്തോഴനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അത്ഭുതപ്പെടുത്തുന്ന കണക്കുകൾ ഇങ്ങനെ!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ലക്സംബർഗിനെ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹാട്രിക്കിന്റെ മികവിലാണ് മിന്നുന്ന വിജയം പോർച്ചുഗൽ കരസ്ഥമാക്കിയത്. രണ്ട് പെനാൽറ്റി ഗോളുകൾ ഉൾപ്പെടുന്നതായിരുന്നു റൊണാൾഡോയുടെ ഹാട്രിക്. ഇതോടെ രാജ്യത്തിനു വേണ്ടി 115 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിച്ചു. കൂടാതെ പോർച്ചുഗല്ലിന് വേണ്ടി 10-ആം ഹാട്രിക്കും കരിയറിലെ 58-ആം ഹാട്രിക്കുമാണ് റൊണാൾഡോ ഇന്നലെ പൂർത്തിയാക്കിയത്.മാത്രമല്ല ഏറ്റവും കൂടുതൽ രാജ്യങ്ങൾക്കെതിരെ ഹാട്രിക് നേടിയ താരമാവാനും റൊണാൾഡോക്ക് കഴിഞ്ഞു.രണ്ടാം സ്ഥാനത്തുള്ളത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. ഏഴ് തവണയാണ് മെസ്സി അർജന്റീനക്ക് വേണ്ടി ഹാട്രിക് നേടിയിട്ടുള്ളത്.
🔟 International hat-tricks for Cristiano Ronaldo 💥 pic.twitter.com/ydUDlSNjgp
— B/R Football (@brfootball) October 12, 2021
2013-ലാണ് ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിന് വേണ്ടി തന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കുന്നത്.നോർത്തേൺ അയർലാന്റിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോ അന്ന് ഹാട്രിക് പൂർത്തിയാക്കിയത്. പിന്നീട് സ്വീഡൻ, അർമേനിയ, അണ്ടോറ,ഫറോ ഐസ്ലാന്റ്, സ്പെയിൻ,സ്വിറ്റ്സർലാന്റ്, ലിത്വനിയ (2 തവണ ) എന്നിവർക്കെതിരെയാണ് റൊണാൾഡോ ഹാട്രിക്കുകൾ നേടിയത്.ഒടുവിൽ ലക്സംബർഗിനെതിരെ റൊണാൾഡോ തന്റെ പത്താം ഹാട്രിക് പൂർത്തിയാക്കി.
കരിയറിൽ റയലിന് വേണ്ടിയാണ് റൊണാൾഡോ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയിട്ടുള്ളത്.44 ഹാട്രിക്കുകളാണ് റൊണാൾഡോ റയൽ ജേഴ്സിയിൽ നേടിയിട്ടുള്ളത്. ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഹാട്രിക് നേടി.യുവന്റസിൽ മൂന്ന് ഹാട്രിക്കുകളാണ് ക്രിസ്റ്റ്യാനോ പൂർത്തിയാക്കിയിട്ടുള്ളത്.
ഏതായാലും 115 ഗോളുകൾ നേടിയ റൊണാൾഡോ ബഹുദൂരം മുന്നിലാണ്. ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ താരത്തിന് വലിയ വെല്ലുവിളികൾ ഏൽക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.