സ്വപ്നസാക്ഷാത്കാരം, പക്ഷേ പേടിയില്ല: റൊണാൾഡോയെ കുറിച്ച് ക്വാരഷ്ക്കേലിയ
യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത കരസ്ഥമാക്കാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ തുർക്കിയെ തോൽപ്പിച്ചത്. ഇനി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജോർജിയയാണ് അവരുടെ എതിരാളികൾ. വരുന്ന ഇരുപത്തിയാറാം തീയതി അർദ്ധരാത്രി 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. രണ്ട് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ജോർജിയ സ്വന്തമാക്കിയിട്ടുള്ളത്.
നാപ്പോളി സൂപ്പർതാരമായ കീച്ച ക്വാരഷ്ക്കേലിയ ജോർജിയക്ക് വേണ്ടിയാണ് കളിക്കുന്നത്.അടുത്ത മത്സരത്തിൽ റൊണാൾഡോയെ നേരിടാൻ സാധിക്കുന്നതിൽ അദ്ദേഹം സന്തോഷവാനാണ്. റൊണാൾഡോ തന്റെ ഐഡോളാണ് എന്നാണ് ക്വാരഷ്ക്കേലിയ പറഞ്ഞിട്ടുള്ളത്. എന്നാൽ അദ്ദേഹത്തെയും പോർച്ചുഗലിനെയും നേരിടുന്നതിൽ ഭയമില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ക്വാരഷ്ക്കേലിയയുടെ വാക്കുകൾ ഇങ്ങനെയാണ്.
“എന്റെ ഐഡോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ സാധിക്കുന്നത് എന്നെ സന്തോഷപ്പെടുത്തുന്ന കാര്യമാണ്.അദ്ദേഹത്തിന് നേരിടുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കാരമാണ്.എന്ത് സംഭവിക്കും എന്നത് നമുക്ക് കാത്തിരുന്നു കാണാം. അദ്ദേഹത്തെ നേരിടുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പക്ഷേ അദ്ദേഹത്തെയോ പോർച്ചുഗലിനെയോ നേരിടുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല. ഇത്തരം ടീമുകൾക്കെതിരെ കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഈ മത്സരത്തിലൂടെ ബോധ്യപ്പെടുത്തണം ” ഇതാണ് ക്വാരഷ്ക്കേലിയ പറഞ്ഞിട്ടുള്ളത്.
പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തണമെങ്കിൽ ജോർജിയക്ക് പോർച്ചുഗലിനെ തോൽപ്പിക്കേണ്ടതുണ്ട്. അതേസമയം വരുന്ന മത്സരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ മുഴുവൻ സമയവും കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്.