സ്വന്തം പണം ചിലവഴിച്ച് ഉടൻ തന്നെ എത്തി,അർജന്റൈൻ താരത്തെ പ്രശംസിച്ച സ്‌കലോണി!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പരാഗ്വയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 5 മണിക്ക് പരാഗ്വയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. എന്നാൽ പ്രതിരോധനിരയിലെ സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ കഴിഞ്ഞ ദിവസം അർജന്റീനക്ക് നഷ്ടമായിരുന്നു.പരിക്ക് കാരണമാണ് അദ്ദേഹം ടീമിൽ നിന്നും പുറത്തായത്. പകരം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഫകുണ്ടോ മെഡിനയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ ലെൻസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന പ്രതിരോധനിര താരമാണ് മെഡിന. ടീമിലേക്ക് വിളിക്കപ്പെട്ട ഉടൻ തന്നെ അദ്ദേഹം അർജന്റീന ക്യാമ്പിൽ എത്തിയിട്ടുണ്ട്.AFA യെ കാത്തുനിൽക്കാതെ സ്വന്തം പണം ചിലവഴിച്ചു കൊണ്ടാണ് അദ്ദേഹം ക്യാമ്പിൽ എത്തിയത്. ഇക്കാര്യത്തെ പരിശീലകനായ സ്‌കലോണി പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ ഫകുണ്ടോ മെഡിനയെ വിളിച്ച് ടീമിലേക്ക് എടുത്ത കാര്യം പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ടിക്കറ്റ് എടുക്കുകയായിരുന്നു.സ്വന്തം പണം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. അദ്ദേഹത്തിന്റെ പരിശീലകനോട് സംസാരിച്ചതും മെഡിന തന്നെയാണ്.ഇന്ന് രാവിലെ അദ്ദേഹം ക്യാമ്പിൽ എത്തി. ഒരു വലിയ സന്ദേശമാണ് ഇതുവഴി അദ്ദേഹം ടീമിന് നൽകുന്നത്.തീർച്ചയായും ഈ ടീമിനോടൊപ്പം എത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം ചെയ്തത് മൂല്യമുള്ള കാര്യമാണ് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീനയുടെ ഭാഗമാവാൻ മെഡിനക്ക് കഴിഞ്ഞിട്ടുണ്ട്.സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നതെങ്കിലും ഈ താരത്തെ ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനിലും ഉപയോഗപ്പെടുത്താൻ കഴിയും. അതുകൊണ്ടാണ് സ്‌കലോണി താരത്തെ ടീമിലേക്ക് എടുത്തിട്ടുള്ളത്.മെഡിനക്ക് അവസരം ലഭിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.