സ്മോക്ക് ബോംബ്,കലാപം,അയാക്സിന്റെ മത്സരം ഉപേക്ഷിച്ചു!
ഡച്ച് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ അയാക്സും ഗ്രോനിങ്കനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഗ്രോനിങ്കന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറിയത്. ഈ സീസണിൽ ഉടനീളം മോശം പ്രകടനം പുറത്തെടുത്ത ഗ്രോനിങ്കൻ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ അവരുടെ ആരാധകർ കടുത്ത അസംതൃപ്തരായിരുന്നു.
ആ അസംതൃപ്തി കടുത്ത പ്രതിഷേധത്തിലേക്ക് വഴി വെച്ചിട്ടുണ്ട്. അതായത് ഈ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗ്രോനിങ്കൻ ആരാധകർ മൈതാനത്തേക്ക് സ്മോക്ക് ബോംബുകൾ എറിയുകയായിരുന്നു. കറുത്ത പുകപടലം സ്റ്റേഡിയത്തിൽ പരന്നതോടുകൂടി മത്സരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് വീണ്ടും മത്സരം ആരംഭിക്കുകയായിരുന്നു. പക്ഷേ ആരാധകരുടെ പ്രതിഷേധം അപ്പോഴും അവസാനിച്ചിരുന്നില്ല.
Groningen vs. Ajax has been abandoned after just 10 minutes of play as the home fans threw smoke bombs on the pitch in protest of the club's relegation 🧨 pic.twitter.com/kd2pMBpdLq
— B/R Football (@brfootball) May 14, 2023
വീണ്ടും സ്മോക്ക് ബോംബുകൾ മൈതാനത്തേക്ക് എറിയപ്പെട്ടു.മാത്രമല്ല ആരാധകർ ഗ്രൗണ്ട് കയ്യേറുകയും ചെയ്തു.മത്സരം ഉപേക്ഷിക്കാൻ ആയിരുന്നു ആരാധകരുടെ ആഹ്വാനം. ഒരു കലാപത്തിന് സമാനമായ സാഹചര്യമായിരുന്നു ഈ മൈതാനത്ത് ഉണ്ടായിരുന്നത്. ഇതോടെ ഈ മത്സരം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനമെടുക്കുകയായിരുന്നു.കേവലം 9 മിനിറ്റ് മാത്രമാണ് ഈ മത്സരം അരങ്ങേറിയത്.മത്സരം വീണ്ടും നടത്തുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
23 വർഷം ഫസ്റ്റ് ഡിവിഷനിൽ കളിച്ചതിനുശേഷം ആണ് ഇപ്പോൾ ഗ്രോനിങ്കൻ ഡച്ച് ലീഗിൽ നിന്നും റെലഗേറ്റഡ് ആവുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആരാധകർ കടുത്ത പ്രതിഷേധമാണ് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളത്. നിലവിൽ ഫെയെനൂർദാണ് ഡച്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം സ്ഥാനത്തുള്ള അയാക്സ് യൂറോപ്പ്യൻ കോമ്പറ്റീഷനുകളിലേക്ക് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്.