സ്കലോനേറ്റയുടെ 5 വർഷങ്ങൾ, മൂന്ന് കിരീടങ്ങൾ, വഴങ്ങിയത് കേവലം 5 തോൽവികൾ!

2018 വരെയുള്ള കാലയളവ് അർജന്റീന ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പക്ഷേ അർജന്റീനയുടെ പരിശീലകനായി കൊണ്ട് ലയണൽ സ്കലോണി വന്നതിന് പിന്നാലെയാണ് അവരുടെ തലവര തെളിഞ്ഞത്.അദ്ദേഹത്തിന് കീഴിൽ പിന്നീട് അർജന്റീന സാധ്യമായതെല്ലാം സ്വന്തമാക്കുകയായിരുന്നു.സ്കലോണി അർജന്റീനയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് ഇപ്പോൾ അഞ്ച് വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു.

2018 സെപ്റ്റംബർ ഏഴാം തീയതിയാണ് ലയണൽ സ്കലോണി അർജന്റീനയുടെ താൽക്കാലിക പരിശീലകനായി കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്.അന്ന് ഗ്വാട്ടിമാലക്കെതിരെ ലോസ് ആഞ്ചലസിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചത്. അർജന്റീനക്ക് വേണ്ടി ഗോൺസാലോ മാർട്ടിനസ്,ലോ സെൽസോ,ജിയോവാന്നി സിമയോണി എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. അതിനുശേഷം കൊളംബിയക്കെതിരെ നടന്ന മത്സരം സമനിലയിൽ കലാശിച്ചു.

ഈ അഞ്ചുവർഷക്കാലയളവിനുള്ളിൽ ആകെ 43 വിജയങ്ങളാണ് അദ്ദേഹത്തിന് കീഴിൽ അർജന്റീന നേടിയിട്ടുള്ളത്. കേവലം 5 തോൽവികൾ മാത്രമാണ് അർജന്റീന അദ്ദേഹത്തിന് കീഴിൽ വഴങ്ങിയിട്ടുള്ളത്.15 സമനിലകൾ ഇക്കാലയളവിൽ വഴങ്ങി.3 കിരീടങ്ങൾ നേടാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.കോപ അമേരിക്ക,ഫൈനലിസിമ, വേൾഡ് കപ്പ് എന്നിവയൊക്കെയാണ് അർജന്റീന ഇദ്ദേഹത്തിന് കീഴിൽ സ്വന്തമാക്കിയത്.

വേൾഡ് കപ്പ് നേടിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും അർജന്റീന സ്വന്തമാക്കിയിരുന്നു.ഇങ്ങനെ എല്ലാംകൊണ്ടും അർജന്റീനക്ക് ഒരു സുവർണ്ണ കാലഘട്ടം സമ്മാനിക്കാൻ സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. ആരാധകർ സ്നേഹപൂർവ്വം ഈ യുഗത്തെ ലാ സ്കലോനേറ്റ എന്നാണ് അഭിസംബോധനം ചെയ്യാറുള്ളത്. അടുത്ത കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും അർജന്റീനയുടെ പരിശീലകസ്ഥാനത്ത് സ്കലോണി തന്നെയായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *