സോഷ്യൽ മീഡിയയിൽ അനക്കമില്ല,ഇംഗ്ലണ്ട് ടീമിന് എന്തുപറ്റി?
വരുന്ന യുവേഫ യൂറോ കപ്പിനുള്ള ഇംഗ്ലണ്ടിന്റെ ഒരുക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. എന്നാൽ കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് ഐസ്ലാൻഡിനോട് പരാജയപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ഒരു തിരിച്ചു വരവ് അനിവാര്യമാണ്. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ സെർബിയയെ പരാജയപ്പെടുത്തുക എന്നുള്ളതാണ് ലക്ഷ്യം.
ഇതിനിടെ ഡെയിലി മെയിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഇംഗ്ലണ്ട് ടീമിലെ പല താരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അനക്കമില്ല.ഇത് ചില താരങ്ങൾ തന്നെ തീരുമാനിച്ചതാണ്. അതായത് യൂറോ കപ്പിനിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടതില്ല, യൂറോ കപ്പ്മായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കേണ്ടതില്ല എന്ന തീരുമാനം ചില ഇംഗ്ലീഷ് താരങ്ങൾ എടുക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ ഹാരി കെയ്ൻ,ഡെക്ലാൻ റൈസ് എന്നിവരൊക്കെ അതിൽ ഉൾപ്പെടുന്നവരാണ്.
യൂറോ കപ്പിൽ നിന്നും ശ്രദ്ധ തെറ്റുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇവർ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നത്. മാത്രമല്ല ഇംഗ്ലണ്ട് ടീമിനെതിരെ എപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് തന്നെ നിരവധി അധിക്ഷേപങ്ങൾ താരങ്ങൾക്ക് സ്വന്തം ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്നിരുന്നു. എന്തിനേറെ പറയുന്നു,സാക്ക,സാഞ്ചോ ഉൾപ്പെടെയുള്ള താരങ്ങൾക്ക് സ്വന്തം ആരാധകരിൽ നിന്ന് പോലും വംശീയമായ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
ഐസ്ലാന്റിനോട് പരാജയപ്പെട്ട മത്സരത്തിനു ശേഷവും വലിയ വിമർശനങ്ങൾ ഇംഗ്ലീഷ് താരങ്ങൾക്ക് ലഭിച്ചിരുന്നു.ഇതോടുകൂടിയാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചത്. പൂർണ്ണമായും യൂറോ കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്നെയാണ് അവരുടെ തീരുമാനം.യൂറോപ്പിലെ തന്നെ ഏറ്റവും അഗ്രസീവായ ആരാധക കൂട്ടങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിന്റെ ആരാധകർ.