സിമയോണി അർജന്റൈൻ ടീമിൽ!
ഈ മാസം രണ്ട് സൗഹൃദമത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.പനാമയാണ് ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.മാർച്ച് 23 ആം തീയതിയാണ് ഈ മത്സരം നടക്കുക. പിന്നീട് മാർച്ച് 28 ആം തീയതി നടക്കുന്ന മത്സരത്തിൽ കുറക്കാവോയാണ് അർജന്റീനയുടെ എതിരാളികൾ.ഈ രണ്ട് മത്സരങ്ങളും തങ്ങളുടെ നാട്ടിൽ വെച്ച് തന്നെയാണ് അർജന്റീന കളിക്കുന്നത്.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. ഒട്ടുമിക്ക സൂപ്പർതാരങ്ങളും ഇടം കണ്ടെത്തിയിരുന്നു. അതിനെക്കാൾ ഉപരി ചില യുവതാരങ്ങൾക്കും സ്കലോണി ഇടം നൽകിയിട്ടുണ്ട്.ഗർനാച്ചോയും പെറോണുമൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്.
ഈ ടീമിൽ ഇപ്പോൾ സ്കലോണി ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നാപ്പോളിയുടെ താരമായ ജിയോവാനി സിമയോണിയെ ഇപ്പോൾ ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.27 കാരനായ താരം ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ അർജന്റീനയുടെ ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.2020 ഒക്ടോബറിൽ ആയിരുന്നു അദ്ദേഹം അവസാനമായി അർജന്റീന ടീമിന്റെ ഭാഗമായത്. അന്ന് തന്നെ അദ്ദേഹം ബെഞ്ചിൽ ആയിരുന്നു ഉണ്ടായിരുന്നത്.
Gio Simeone fue convocado a la Selección Mayor. pic.twitter.com/Bb0pF4CyiE
— Gastón Edul (@gastonedul) March 9, 2023
അർജന്റീനക്ക് വേണ്ടി സിമയോണി അവസാനമായി കളിച്ചത് 2018ൽ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിലായിരുന്നു. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഈ സിരി എയിൽ നാപോളിക്ക് വേണ്ടി മൂന്ന് ഗോളുകൾ നേടാൻ ഈ സ്ട്രൈക്കർക്ക് സാധിച്ചിട്ടുണ്ട്.അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണിയുടെ മകനാണ് ഇദ്ദേഹം.ഏതായാലും താരത്തിന് കളിക്കാൻ അവസരം ലഭ്യമാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.