സലായുടെ പരിക്ക്,രണ്ട് മത്സരങ്ങൾ നഷ്ടമാകും,ഈജിപ്തിന് തിരിച്ചടി!
കഴിഞ്ഞ ദിവസം ആഫ്രിക്കൻ നേഷൻസ് കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഈജിപ്തിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഘാനയായിരുന്നു ഈജിപ്തിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകളാണ് ഘാനക്ക് തുണയായത്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ഇപ്പോൾ ഈജിപ്തിന് സമനില വഴങ്ങേണ്ടി വന്നു.
ഈ മത്സരത്തിൽ അവർക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം സൂപ്പർതാരം മുഹമ്മദ് സലായുടെ പരിക്ക് തന്നെയാണ്. ആദ്യപകുതിയുടെ അവസാനത്തിലാണ് സലാ അസ്വസ്ഥത പ്രകടിപ്പിച്ചത്.തുടർന്ന് അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്.അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഈജിപ്തിന്റെ ദേശീയ ടീം തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.
Egyptian FA provides Mo Salah injury update:
— Liverpool FC (@LFC) January 19, 2024
അതായത് സലാക്ക് വിശ്രമം ആവശ്യമാണ്.അടുത്ത രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേപ് വെർദെക്കെതിരെയാണ് ഈജിപ്തിന് കളിക്കേണ്ടി വരുന്നത്. ഈ മത്സരത്തിൽ സലായുടെ സാന്നിധ്യം ഉണ്ടാവില്ല. അതിന് ശേഷമാണ് പ്രീ ക്വാർട്ടർ പോരാട്ടം നടക്കുക.
പ്രീ ക്വാർട്ടറിലേക്ക് ഈജിപ്ത് യോഗ്യത കരസ്ഥമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി 27ആം തീയതിക്കും ജനുവരി 29 ആം തീയതിക്കും ഇടയിലാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ നടക്കുന്നത്.ആ മത്സരവും താരത്തിന് നഷ്ടമാകും. ഈജിപ്ത് ക്വാർട്ടറിലേക്ക് യോഗ്യത നേടുകയാണെങ്കിൽ ആ മത്സരത്തിലേക്ക് സലാ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും സലായുടെ പരിക്ക് ലിവർപൂളിനും ആശങ്ക നൽകുന്ന ഒന്നായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തും എന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമാണ്.