വേൾഡ് കപ്പ് നറുക്കെടുപ്പ്,ചില കൗതുകമുണർത്തുന്ന കാര്യങ്ങൾ ഇതാ!
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത പോരാട്ടങ്ങൾ കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഈയൊരു നറുക്കെടുപ്പിനെ വിശകലനം ചെയ്തിട്ടുണ്ട്.അതായത് ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്ന, കൗതുകമുണർത്തുന്ന ചില കാര്യങ്ങളാണ് ഇവർ വിലയിരുത്തിയിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
1-സ്പെയിൻ Vs ജർമ്മനി
ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ മൽസരങ്ങൾ എടുത്തുനോക്കിയാൽ സ്പെയിനിന് ആധിപത്യം കാണാൻ സാധിക്കും.2008-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമനിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ 2010 വേൾഡ് കപ്പിലും ജർമ്മനിയെ കീഴടക്കാൻ സ്പെയിനിന് സാധിച്ചിരുന്നു. മാത്രമല്ല അവസാനമായി യുവേഫ നാഷൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്. ഇതിനൊക്കെ പ്രതികാരം തീർക്കാൻ ജർമനിക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2-മെസ്സി Vs ലെവന്റോസ്ക്കി
ബാലൺ ഡി’ ഓർ പുരസ്കാരത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയം മെസ്സിക്കൊപ്പമായിരുന്നു.എന്നാൽ ഫിഫ ബെസ്റ്റ് പുരസ്കാരം ലെവൻഡോവ്സ്കി കരസ്ഥമാക്കി. ഇനി വേൾഡ് കപ്പിൽ ഇരുതാരങ്ങളുടെയും ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്നാണ് ആരാധകർക്ക് അറിയേണ്ടത്.
A lot to look forward to this winter.https://t.co/e6DD7IUexA
— MARCA in English (@MARCAinENGLISH) April 1, 2022
3-ജെറാർഡോ മാർട്ടിനോ അർജന്റീനക്കെതിരെ..
അർജന്റീനയും മെക്സിക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അവിടെ മറ്റൊരു കാര്യം കൂടിയുണ്ട്.അതായത് മുൻ അർജന്റൈൻ താരവും പരിശീലകനുമായിരുന്ന ജെറാർഡോ മാർട്ടിനോയാണ് മെക്സിക്കോയുടെ പരിശീലകൻ.2014 മുതൽ 2016 വരെ അർജന്റീനയെ പരിശീലിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
4-ബ്രസീലിന്റെ 2018 വേൾഡ് കപ്പിലെ ഓർമ്മകൾ..
2018-ലെ വേൾഡ് കപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന രണ്ട് എതിരാളികളെയാണ് ഇത്തവണയും ബ്രസീലിന് ലഭിച്ചിരിക്കുന്നത്.സ്വിറ്റ്സർലാന്റ്,സെർബിയ എന്നിവർ അന്ന് ബ്രസീലിന്റെ ഗ്രൂപ്പിൽ തന്നെയായിരുന്നു.സ്വിറ്റ്സർലാന്റ് ആയിരുന്നു അന്ന് ബ്രസീലിനൊപ്പം ഗ്രൂപ്പ് ഘട്ടം കടന്നത്.
5- ക്രിസ്റ്റ്യാനോ റൊണാൾഡോ Vs ലൂയിസ് സുവാരസ്
ഫുട്ബോൾ ലോകത്തെ രണ്ട് സൂപ്പർതാരങ്ങൾ ഒരിക്കൽ കൂടി മുഖാമുഖം വരുന്നു. ക്രിസ്റ്റ്യാനോ തന്റെ അഞ്ചാമത്തെ വേൾഡ് കപ്പാണ് കളിക്കാൻ ഒരുങ്ങുന്നതങ്കിൽ സുവാരസിന്റെ നാലാം വേൾഡ് കപ്പാണിത്.എൽ ക്ലാസ്സിക്കോയിൽ ഉൾപ്പെടെ മുമ്പ് ഇരുവരും പരസ്പരം ഒട്ടേറെ തവണ മുഖാമുഖം വന്നിട്ടുണ്ട്.
ഇതൊക്കെയാണ് മാർക്കയുടെ കൗതുകകരമായ കാര്യങ്ങൾ. ഈ നറുക്കെടുപ്പിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം കൗതുകമുണർത്തുന്ന കാര്യങ്ങൾ ഏതൊക്കെയാണ്? അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.