വേൾഡ് കപ്പ് ജേതാക്കൾക്ക് ലഭിക്കുന്ന തുകയെത്ര? അറിയേണ്ടതെല്ലാം!

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നിരവധി മികച്ച മത്സരങ്ങൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്.നവംബറിൽ നടക്കുന്ന വേൾഡ് കപ്പിന്റെ ആവേശം ഇപ്പോൾ തന്നെ ഫുട്ബോൾ ലോകത്ത് പടർന്ന് പന്തലിച്ചിട്ടുണ്ട്.

ഏതായാലും വേൾഡ് കപ്പിലെ ജേതാക്കൾക്ക് ലഭിക്കുന്ന തുകയെത്ര എന്നുള്ള കാര്യമിപ്പോൾ ഫിഫ പുറത്തു വിട്ടിട്ടുണ്ട്. കൂടാതെ ബാക്കി സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കുള്ള പ്രൈസ് മണിയും ഫിഫ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.

വേൾഡ് കപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകൾക്കും1.5 മില്യൺ ഡോളർ വീതം ഫിഫ നൽകുന്നുണ്ട്.വേൾഡ് കപ്പ് ജേതാക്കളെ 42 മില്യൺ ഡോളറെന്ന ഭീമമായ തുകയാണ് കാത്തിരിക്കുന്നത്.ഏകദേശം 320 കോടി ഇന്ത്യൻ രൂപയോളം വരുമിത്.

ഫൈനലിൽ പരാജയപ്പെട്ട് കൊണ്ട് രണ്ടാം സ്ഥാനക്കാരാവുന്ന ടീമിന് 30 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 27 മില്യൺ ഡോളർ നൽകപ്പെടും. നാലാം സ്ഥാനക്കാർക്ക് 25 മില്യൺ ഡോളറാണ് ലഭിക്കുക.

അഞ്ച് മുതൽ എട്ട് സ്ഥാനങ്ങളിൽ വരെയുള്ളവർക്ക് 17 മില്യൺ ഡോളറാണ് ലഭിക്കുക. 9 മുതൽ 16 സ്ഥാനങ്ങളിൽ വരെയുള്ളവർക്ക് 13 മില്യൺ ഡോളറും ലഭിക്കും.17 മുതൽ 32 സ്ഥാനങ്ങളിൽ വരെയുള്ളവർക്ക് 9 മില്യൺ ഡോളറാണ് ലഭിക്കുക.ഇതൊക്കെയാണ് ഫിഫ സമ്മാനത്തുകയായി തീരുമാനിച്ചിട്ടുള്ളത്.

യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസാണ് നിലവിലെ വേൾഡ് കപ്പ് ചാമ്പ്യൻമാർ.അവർക്ക് കിരീടം നിലനിർത്താനാവുമോ, അതല്ലെങ്കിൽ മറ്റാരെങ്കിലും കിരീടത്തിൽ മുത്തമിടുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *