വേൾഡ് കപ്പിൽ ബ്രസീലിന്റെ പ്രതീക്ഷകൾ ഉയർത്തുന്നത് നെയ്മറും വിനീഷ്യസും,കണക്കുകൾ!
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബ്രസീലാണ്. മാത്രമല്ല ഫുട്ബോൾ ലോകത്ത് തിളങ്ങിനിൽക്കുന്ന ഒരുപിടി സൂപ്പർതാരങ്ങളെ ബ്രസീലിനെ ഇപ്പോൾ ലഭ്യമാണ്. ഇതുകൊണ്ട് തന്നെയും ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ ഏറെയാണ്.
ബ്രസീലിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നത് 2 സൂപ്പർതാരങ്ങളാണ്. മുന്നേറ്റ നിരയിലെ മിന്നും താരങ്ങളായ നെയ്മർ ജൂനിയറും വിനീഷ്യസ് ജൂനിയറും തങ്ങളുടെ തകർപ്പൻ പ്രകടനം തുടർന്നാൽ ബ്രസീലിന് കാര്യങ്ങൾ വളരെ എളുപ്പമാവും. അത്രയേറെ മികവിലാണ് ഈ രണ്ടു താരങ്ങളും ഇപ്പോൾ ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്.
എടുത്തുപറയേണ്ടത് നെയ്മർ ജൂനിയറുടെ പ്രകടനമാണ്.പരിക്കുകൾ കാരണം കഴിഞ്ഞ സീസണിൽ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു നെയ്മർക്ക് കളിക്കാൻ കഴിഞ്ഞിരുന്നത്. മാത്രമല്ല വേണ്ട രൂപത്തിൽ തിളങ്ങാൻ സാധിച്ചതുമില്ല. എന്നാൽ ഈ സീസണൽ തീർത്തും വ്യത്യസ്തനായ നെയ്മറെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്.
ആകെ 18 മത്സരങ്ങളാണ് ഈ സീസണിൽ നെയ്മർ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 14 ഗോളുകളും പത്ത് അസിസ്റ്റുകളും കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 8 അസിസ്റ്റുകളും മാത്രമായിരുന്നു താരം നേടിയിരുന്നത്.അത് ഇപ്പോൾ തന്നെ നെയ്മർ പഴങ്കഥയാക്കി കഴിഞ്ഞു.
— Brasil Football 🇧🇷 (@BrasilEdition) October 31, 2022
വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിലാണ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞ സീസൺ എവിടെവെച്ച് അവസാനിപ്പിച്ചുവോ, അവിടെവെച്ച് തുടങ്ങാൻ ഇപ്പോൾ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിട്ടുണ്ട്. 18 മത്സരങ്ങൾ തന്നെയാണ് ഈ സീസണിൽ വിനീഷ്യസ് കളിച്ചിട്ടുള്ളത്. നെയ്മറോളം വരില്ലെങ്കിലും 9 ഗോളുകളും 5 അസിസ്റ്റുകളും വിനീഷ്യസും നേടിയിട്ടുണ്ട്.
ചുരുക്കത്തിൽ മുന്നേറ്റ നിരയിലെ ബ്രസീലിന്റെ വജ്രായുധങ്ങളാണ് നെയ്മറും വിനീഷ്യസും.ഇരുവരുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കും വേൾഡ് കപ്പിൽ ബ്രസീലിന്റെ കിരീട സാധ്യതകൾ.