വേൾഡ് കപ്പിൽ ആൽവരസ് ഇല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു: അർജന്റീനയോട് ഡിക്കോവ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീനയാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയ അർജന്റീന പിന്നീട് പൂർവാധികം ശക്തിയോട് കൂടി തിരിച്ചുവന്ന് കിരീടം സ്വന്തമാക്കുകയായിരുന്നു. അർജന്റീനയുടെ വേൾഡ് കപ്പ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച സൂപ്പർ താരമാണ് ഹൂലിയൻ ആൽവരസ്. വേൾഡ് കപ്പിൽ ഏഴു മത്സരങ്ങളിലും ആൽവരസ് കളിച്ചിരുന്നുവെങ്കിലും ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരന്റെ റോളിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്.ഈ മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും ഈ സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്.

താരത്തിന്റെ ഈ കോൺട്രിബ്യൂഷനെ പ്രശംസിച്ചുകൊണ്ട് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു പോൾ ഡിക്കോവ് രംഗത്ത് വന്നിട്ടുണ്ട്.ഹൂലിയൻ ആൽവരസ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ല എന്നാണ് ഡിക്കോവ് പറഞ്ഞിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് മുമ്പ് തേർഡ് ഡിവിഷനിൽ നിന്നും സെക്കൻഡ് ഡിവിഷനിലേക്ക് പ്രമോഷൻ ലഭിക്കാൻ കാരണമായ ഗോളിന്റെ ഉടമയാണ് ഡിക്കോവ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഹൂലിയൻ ആൽവരസ്. വളരെ ഹമ്പിളാണ്,വളരെയധികം പാഷനേറ്റായിട്ടുള്ള താരമാണ്. ഒരുപാട് ടാലന്റ് ഉണ്ട്, അതിനനുസരിച്ചുള്ള ഹാർഡ് വർക്കും അദ്ദേഹത്തിനുണ്ട്.മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പങ്കാളിത്തം വലിയ ഇമ്പാക്ട് സൃഷ്ടിക്കുന്നുണ്ട്.ഇന്ന് നിർണായക താരമാണ് അദ്ദേഹം. ഖത്തറിൽ അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ അർജന്റീന വേൾഡ് കപ്പ് നേടുമായിരുന്നില്ല. എന്തെന്നാൽ ബോൾ കൈവശമില്ലാത്ത സമയത്തുപോലും അദ്ദേഹം തന്റെ ജോലി പെർഫെക്റ്റ് ആയിക്കൊണ്ട് ചെയ്തിട്ടുണ്ട്.പല സന്ദർഭങ്ങളിലും അദ്ദേഹം ലയണൽ മെസ്സിയെ സഹായിച്ചിട്ടുണ്ട്,സ്‌പേസുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ പോലും അദ്ദേഹം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതാണ് ” ഇതാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ആൽവരസ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ 22 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണിൽ ആകെ 15 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. താരത്തിന്റെ മികവ് മാഞ്ചസ്റ്റർ സിറ്റി വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു സമയം കൂടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *