വേൾഡ് കപ്പിലെ ബ്രസീലിന്റെ തോൽവി കരയിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും നല്ല വർഷമാണ് 2020, കുൻഹക്ക്‌ പറയാനുള്ളത് ഇങ്ങനെ !

ബ്രസീലിന്റെ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ് പരിക്കേറ്റ് പുറത്തായതോടെയാണ് സൂപ്പർ സ്‌ട്രൈക്കർ മാത്യോസ് കുൻഹക്ക്‌ ടിറ്റെയുടെ വിളി വരുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു താരത്തിന് ടീമിൽ ഇടം ലഭിച്ചില്ലത്. അതിന്റെ ആവേശം പങ്കുവെച്ചിരിക്കുകയാണിപ്പോൾ താരം. ആദ്യമായി സ്‌കൂളിലേക്ക് പോവുന്ന ഒരു വിദ്യാർത്ഥിയുടെ കൗതുകമാണ് തനിക്കെന്നാണ് കുൻഹ വെളിപ്പെടുത്തിയത്. ഇന്നലെ ഗ്ലോബെ എസ്‌പോർട്ടെക്ക്‌ നൽകിയ അഭിമുഖത്തിലാണ് കുൻഹ ഒരുപാട് കാര്യങ്ങളെ പറ്റി സംസാരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷമാണ് 2020 എന്നാണ് കുൻഹ അഭിപ്രായപ്പെട്ടത്. കൂടാതെ ബ്രസീൽ ടീമിൽ ഇടം ലഭിച്ചത് സ്വപ്നസാക്ഷാൽക്കാരമായിരുന്നുവെന്നും നെയ്മർ തന്റെ ആരാധകപാത്രങ്ങളിൽ ഒരാളാണെന്നും കുൻഹ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വേൾഡ് കപ്പിലെ ബ്രസീലിന്റെ തോൽവികൾ തന്നെ കരയിപ്പിച്ചുവെന്നും ഇപ്പോൾ ബ്രസീലിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം തോന്നുന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

” എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമാണ് 2020. അതിന് ഞാൻ നന്ദി പറയുന്നു. പലർക്കും അങ്ങനെയല്ലായിരിക്കാം. പക്ഷെ എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. ബ്രസീലിയൻ ടീമിലേക്ക് വിളി വന്നപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയുകയായിരുന്നു. എന്റെ സ്വപ്നമാണ് ഒടുവിൽ പൂവണിഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് വേൾഡ് കപ്പിലും ബ്രസീലിന്റെ തോൽവി കണ്ടു കരഞ്ഞ ആളാണ് ഞാൻ. ഇപ്പോൾ എനിക്ക് ബ്രസീൽ ടീമിൽ കളിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. എന്റെ ആരാധനാപാത്രങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. മാത്രമല്ല തിയാഗോ സിൽവ ടീമിൽ ഉണ്ടായിരിക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. വളരെയധികം ആവേശത്തിലും പ്രതീക്ഷയിലുമാണ് ഞാൻ. ഒരു വിദ്യാർത്ഥി ആദ്യത്തെ ദിവസം സ്‌കൂളിലേക്ക്‌ പോവുമ്പോൾ ഉണ്ടാവുന്ന അതേ കൗതുകമാണ് എനിക്കിപ്പോൾ നിലവിലുള്ളത് ” കുൻഹ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *